രാജ്യത്തിന് അഭിമാനമായ പ്രതിഭകളെ പത്മ ബഹുമതികൾ നൽകി ആദരിച്ചിരുന്നു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദാണ് ബഹുമതികൾ വിതരണം ചെയ്തത്. ഇത്തവണ 119 പേർക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇതിൽ 7 പത്മ വിഭൂഷണും, 10 പത്മ ഭൂഷണും, 106 പത്മശ്രീയുമാണുള്ളത്. ഇതിൽ 29 പേർ വനിതകളാണ്. 16 പേർക്ക് മരണാനന്തര ബഹുമതിനൽകി. ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി ലഭിച്ചിട്ടുണ്ട്. ഈ പത്മ പുരസ്താകാര നിറവിൽ ശ്രദ്ധനേടിയ ഒരു വ്യക്തിത്വമാണ് മുഹമ്മദ് ഷെരീഫ് എന്നയാളുടേത്. അറിയാം അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ചയെ കുറിച്ച്
അയോദ്ധ്യയിൽ 25,000ത്തോളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത വ്യക്തിയാണ് മുഹമ്മദ് ഷെരീഫ്. സൈക്കിൾ മെക്കാനിക്കായ അദ്ദേഹം ഷെരീഫ് ചാച്ച എന്ന പേരിലാണ് പ്രശസ്തനായത്. അമിർ ഖാൻ അവതാരകനായെത്തുന്ന ടിവി ഷോയിൽ പങ്കെടുത്തതോടെയാണ് അദ്ദേഹത്തെ കുറിച്ച് പുറംലോകം അറിയുന്നത്. തന്റെ മകന്റെ മരണത്തോടെയാണ് ഷെരീഫ് ചാച്ച സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്.
1992ൽ സുൽത്താൻപൂരിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ മകൻ റായിസ് കൊല്ലപ്പെടുന്നത്. റെയിൽവേ ട്രാക്കിന് സമീപം തിരിച്ചറിയാതെ കിടന്നിരുന്ന മൃതദേഹം നായ്‌ക്കൾ കടിച്ച് കീറി വികൃതമാക്കിയിരുന്നു. കെമിസ്റ്റ് ആയി ജോലി ചെയ്തിരുന്ന റായിസ് തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് കൊല്ലപ്പെടുന്നത്. മകന്റെ സാഹചര്യം മറ്റൊരാൾക്കും വരരുതെന്ന ചിന്തയിലാണ് അദ്ദേഹം ഈ ജോലിയിലേക്ക് ഇറങ്ങുന്നത്.
ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും മൃതദേഹം മാത്രമല്ല ഷെരീഫ് ചാച്ച സംസ്‌കരിച്ചിട്ടുള്ളത്. മറിച്ച് സിഖ്, ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരുടേയും അന്ത്യകർമ്മങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തിരിച്ചറിയാത്തതോ, ആളുകൾ അന്വേഷിച്ച് വരാത്തതോ ആയ മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾ ഷെരീഫ് ചാച്ച യാതൊരു മടിയും കൂടാതെയാണ് ചെയ്ത് വന്നിരുന്നത്. 25,000ത്തിലധികം മൃതദേഹങ്ങൾ ഇത്തരത്തിൽ സംസ്‌കരിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനുകളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മോർച്ചറികളിൽ നിന്നുമാണ് അവകാശികളില്ലാത്ത മൃതദേഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ അവകാശികൾ വന്നില്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥർ ആ മൃതദേഹം ഷെരീഫിന് കൈമാറും. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ സേവനത്തിനാണ് രാഷ്‌ട്രം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത്.














