ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഘലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മു കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭീകരന്റെ പക്കൽ നിന്നും എകെ 47 റൈഫിലും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതും സുരക്ഷാ സേന പരിശോധിച്ചുവരികയാണ്.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിലിനായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ വെടിയുതിർത്തതോടെ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് സുരക്ഷാസേന അറിയിച്ചു.
ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭീകരനെയാണ് സുരക്ഷാ സേന വധിക്കുന്നത്. കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഉച്ചയ്ക്ക് ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
Comments