കൊച്ചി : നടൻ ജോജു ജോർജിന്റെ കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ദിഖ്. നടന്നത് ചെറിയ കശപിശയാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. തർക്കത്തിൽ താരസംഘടനയായ അമ്മ പ്രതികരിക്കാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.
ജോജുവിന്റെ വാഹനം ആക്രമിച്ച സംഭവം രമ്യമായി പരിഹരിക്കും. ചെറിയ കശപിശയാണ് ഉണ്ടായത്. അത് പെട്ടെന്നു തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് അമ്മ. തർക്കത്തിൽ ഇടപെടേണ്ടെന്ന് സംഘടന തീരുമാനിച്ചിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ജോജു വിഷയത്തിൽ താര സംഘടന പ്രതികരിക്കാത്തതിൽ ആരംഭം മുതൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.
സിനിമാ ലൊക്കേഷനുകളിലേക്ക് അടിക്കടി പ്രതിഷേധ പ്രകടനം നടത്തുന്നതിൽ കോൺഗ്രസിനെ അദ്ദേഹം വിമർശിച്ചു. ലൊക്കേഷനുകളിൽ ചെന്ന് സിനിമയുടെ ചിത്രീകരണം തടയുന്നത് നല്ല പ്രവണതയല്ല. ചിത്രീകരണം തടയുന്നത് സിനിമകളെ ഇല്ലാതാക്കാനുള്ള പ്രവണതയാണെന്നും സിദ്ദിഖ് പ്രതികരിച്ചു.
അതേസമയം ജോജുവിന്റെ വാഹനം തകർത്തതിൽ തനിക്ക് പങ്കില്ലെന്ന് ടോണി ചമ്മണി ആവർത്തിച്ചു. വാഹനം ആക്രമിച്ചത് താനാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. താൻ വാഹനം ആക്രമിക്കുന്നതിന്റെ വീഡിയോ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കേസ് പോലീസ് സ്വതന്ത്രമായി അന്വേഷിക്കണമെന്നും ചമ്മണി വ്യക്തമാക്കി
Comments