കുൽഗാം: കശ്മീരിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ സൈനിക ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു. ഹിസ്ബുൾ ജില്ലാ കമാൻഡർ ഷിരാസ് മൊൽവി, യാവർ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
2016 മുതൽ തീവ്രവാദ സംഘവുമായി ബന്ധം പുലർത്തുന്ന ആളാണ് ഷിരാസ്. തീവ്രവാദസംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലും ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്ന് കശ്മീർ ഐജി വിജയ് കുമാർ വ്യക്തമാക്കി. ഇയാളെ വധിക്കാനായത് സേനയ്ക്ക് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെയാണ് ചവൽഗാമിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്നലെ ശ്രീനഗറിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പുൽവാമ സ്വദേശിയായ ആമിർ റിയാസ് ആണ് കൊല്ലപ്പെട്ടത്. മുജാഹിദ്ദീൻ ഗസ്വത്തുൾ ഹിന്ദ് പ്രവർത്തകനായിരുന്നു ഇയാളെന്ന് ഐജി വ്യക്തമാക്കി. ലത്പോരാ ഭീകരാക്രമണ കേസിൽ ആരോപണ വിധേയനായ ഒരാളുടെ ബന്ധുവാണ് ഇയാളെന്നും പോലീസ് പറഞ്ഞു.
Comments