ഇന്ത്യയുടെ സംസ്‌കാരത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാനഘടകമാണ് മൃഗാരാധന. പാമ്പ്, പശു എന്നിവയെ ആരാധിക്കുന്നവർ നമുക്ക് ചുറ്റുമുണ്ടെങ്കിലും, നമ്മുടെ ദേശീയ മൃഗമായ കടുവയെ ദൈവതുല്യമായി കണ്ട് ആരാധിക്കുന്ന ഒരു വിഭാഗം നമുക്കിടയിൽ വസിക്കുന്നു എന്ന വിവരം പുതുമയുള്ളതാണ്. കടുവകളോടുള്ള ഈ സമൂഹത്തിന്റെ ആരാധാന കേവലം ഐതിഹ്യങ്ങളിൽ നിന്നോ കഥകളിൽ നിന്നോ ഉണ്ടായതല്ല. മറിച്ച് ഇതൊരു പരസ്പര സഹകരണവും സഹവർത്തിത്തവുമാണ്.
വനമേഖലകളിൽ താമസിക്കുന്ന ഗോത്രസമൂഹങ്ങളാണ് കടുവകളെ ദൈവമായി കണ്ട് ആരാധിക്കുന്നത്. കടുവകൾ തങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുമെന്ന വിശ്വാസമാണ് ഇവരുടെ ആരാധനയ്‌ക്ക് ആധാരം. നിശ്ചിത സ്ഥലങ്ങളിൽ കടുവകളുടെ പ്രതിഷ്ഠകൾ സ്ഥാപിച്ചാണ് ഗോത്രസമൂഹങ്ങൾ ആരാധ നടത്താറ്. ഇത്തരത്തിൽ കടുകളെ പ്രതിഷ്ഠകളാക്കികൊണ്ടുള്ള നിരവധി ക്ഷേത്രങ്ങളാണ് രാജ്യത്ത് ഉള്ളത്.
മദ്ധ്യപ്രദേശിലെ ഗോണ്ട് , മേഘാലയയിലെ ഗാരോ, ദക്ഷിണ കന്നഡയിലെ തുളുനാട്, സോളിംഗ, എന്നീ ഗോത്രങ്ങളാണ് പ്രധാനമായും കടുവകളെ ആരാധിക്കാറുള്ളത്. ഇവർക്ക് പുറമേ ഗോവ, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗോത്രവിഭാഗങ്ങളും കടുവകളെ ആരാധിക്കുന്നുണ്ട്. കാടിനെയും ജന്തുജാലങ്ങളെയും മനുഷ്യരിൽ നിന്നും വേറിട്ടു കാണാൻ സാധിക്കില്ലെ തിരിച്ചറിവിൽ നിന്നാണ് ഇവരിൽ കടുവകളോടുള്ള ആരാധന ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. മനുഷ്യനും ജീവി വർഗ്ഗവും തമ്മിലുള്ള പരസ്പരാശ്രയത്വവും, സഹവർത്തിത്തവും ഗോത്രസമൂഹങ്ങൾ ഇതിലൂടെ ഉയർത്തിക്കാട്ടുന്നു. സിംഹത്തെക്കാൾ കരുത്തനായ മൃഗമായാണ് കടുവകളെ കാണുന്നത്. അതിനാൽ തങ്ങളുടെ നിലനിൽപ്പിന് ഇവയുടെ സഹകരണം ആവശ്യമാണ് ഗോത്രസമൂഹം കരുതുന്നു. കടുവകളോടുള്ള തങ്ങളുടെ ആരാധന വ്യക്തമാക്കാൻ പ്രത്യേകതരത്തിലുളള ആഭരണങ്ങളും ഇക്കൂട്ടർ ധരിക്കാറുണ്ട്.
കടുവ ആരാധനയുമായി ബന്ധപ്പെട്ട് ഓരോ ഗോത്രങ്ങൾക്കും ഓരോ വിശ്വാസങ്ങളാണ് ഉള്ളത്. എങ്കിലും കടുവ തങ്ങളുടെ സംരക്ഷകരാണെന്നാണ് ഭൂരിഭാഗം ഗോത്രങ്ങളുടെയും വിശ്വാസം. മഹാരാഷ്‌ട്രയിലെ ധങ്കർസ്, ഗോത്രവിഭാഗത്തിനിടയിലാണ് ഈ വിശ്വാസം കൂടുതലായി ഉള്ളത്. വാഗ്‌ദേവ് , വാഗ്ജി എന്നീ പേരുകൾ ഇട്ട് വിളിക്കുന്ന കടുവകൾ തങ്ങളുടെ ആടുകളുടെ അഥവാ ഉപജീവനമാർഗ്ഗത്തിന്റെ രക്ഷകരാണെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഗോവയിലെ വരഗാളി ഗ്രാമത്തിലെ ഗോത്ര സമൂഹങ്ങളും ഇതേ വിശ്വാസം മുറുകേ പിടിക്കുന്നവരാണ്.
പശ്ചിമ ബംഗാളിലെ സുന്ദർബൻ വനമേഖലയിലെ ഗോത്രങ്ങൾ വിശ്വസിക്കുന്നത് കാടുകളുടെ ഉടമകളാണ് കടുവകൾ എന്നാണ്. ബാനോ ബിബി എന്ന പേരിലാണ് ഇവർക്കിടയിൽ കടുവ ദൈവങ്ങൾ അറിയപ്പെടാറ്. ഈ മേഖലയിലെ മുസ്ലീങ്ങളും ഇതേ വിശ്വാസംവെച്ചു പുലർത്തുന്ന എന്നതാണ് ഏറെ വിചിത്രം. ഇവരും ക്ഷേത്രത്തിലെത്തി കടുവകളെ ആരാധിക്കാറുണ്ട്. തേനും, വിറകും ശേഖരിക്കാൻ ഉൾവനങ്ങളിലേക്കും പോകുന്നവർ കടുവകളെ പ്രാർത്ഥിച്ച ശേഷമാണ് ഗ്രാമം വിടാറ്. കടുവകൾ ആക്രമിക്കാതിരിക്കാനും, വീട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്താനും തങ്ങൾ പ്രാർത്ഥിക്കുന്ന കടുവ ദൈവങ്ങൾ സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കൃഷി അഭിവൃദ്ധി പ്രാപിക്കുന്നതിനായി ഒഡീഷയിലെ കർഷകരും കടുവകളെ പ്രാർത്ഥിക്കാറുണ്ട്.
കടുവയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വിശ്വാസം അൽപ്പം വിചിത്രമാണ്. തങ്ങളുടെ സഹോദരങ്ങളാണ് കടുവകൾ എന്നാണ് ഇവർ പറയുന്നത്. മദ്ധ്യ ഇന്ത്യയിലെ ബയ്ഗ ഗോത്രങ്ങളും കടുവകളെ ആരാധിക്കുന്നവരാണ്. ഇവർ കടുവകൾ ദൈവമാണെന്നാണ് കരുതുന്നത്. കടുവകൾ സന്തോഷിച്ചാൽ നല്ലതുനടക്കുമെന്നും, നിന്ദിച്ചാൽ ഫലം വിപരീതമാകുമെന്നും ഇവർ വിശ്വസിക്കുന്നു.
രാജ്യത്ത് ഇന്നു കാണുന്ന കടുവ ക്ഷേത്രങ്ങൾക്കൊല്ലാം നൂറിലധികം വർഷങ്ങൾ പഴക്കമുള്ളവയാണ്. ഇവയിലെല്ലാം ഇപ്പോഴും ആരാധന തുടരുന്നു എന്നത് കടുവയുമായി ബന്ധപ്പെട്ട വിശ്വാസം ആളുകൾക്കിടയിൽ എത്രത്തോളം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നുവെന്ന സൂചനയാണ്. കടുവകൾ സംരക്ഷകരായതുകൊണ്ട് തന്നെ ഇവയെ ആരും ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യാറില്ല. ഇത് കടുവകളുടെ സംരക്ഷണത്തിന് കൂടിയാണ് കാരണമാകുന്നത്. തങ്ങൾക്ക് ശല്യമുണ്ടാക്കാതെ ജീവിക്കുന്നവരെ കടുവകളും ഉപദ്രവിക്കാറില്ല. ഇത്തരത്തിൽ ഒരു പരസ്പര സഹകരണത്തോടെയുള്ള ജീവിതമാണ് കടുവകളും ഗോത്രസമൂഹങ്ങളും തമ്മിലുള്ളത്.
Comments