കൊച്ചി: സിനിമാ സംഗീത മേഖലയിൽ അറുപത് കൊല്ലം പൂർത്തിയാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വർ യേശുദാസിന് ആശംസകൾ നേർന്ന് പ്രിയതാരം മോഹൻലാൽ. ‘സംഗീതത്തിന്റെ സർഗ്ഗ വസന്തമായി ദാസേട്ടൻ ഞങ്ങളിൽ പൂത്തു നിറയുന്നു’വെന്നാണ് മോഹൻലാൽ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസ അറിയിച്ച് എത്തിയത്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ ‘ പ്രിയപ്പെട്ട ദാസേട്ടാ, സംഗീതത്തിന്റെ സ്വർഗ വസന്തമായി അങ്ങു ഞങ്ങളിൽ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപത് കൊല്ലങ്ങളായി. ആ ശബ്ദത്തിന്റെ ഏകാന്തതകളിൽ സ്വർഗ്ഗം എന്തെന്നറിഞ്ഞു. മനസ്സിൽ നന്മകൾ ഉണർന്നു. വേദനകൾ മറന്നു. അങ്ങനെ എന്റെ എളിയ ജീവിതം അർത്ഥപൂർണ്ണമായി.നന്ദിയോടെ ഓരോ മലയാളികൾക്കുമൊപ്പം ഈ ഹൃദയ സ്പന്ദനങ്ങൾ അങ്ങയ്‌ക്ക് സമർപ്പിക്കട്ടേ… എന്നിട്ട് ഇനിയുമിനിയും കാതോർത്തിരിക്കട്ടെ പ്രണാമങ്ങളോടെ മോഹൻലാൽ’.
1961ൽ ശ്രീനാരായണ ഗുരുവിന്റെ ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന കാലാതിവർത്തിയായ വരികൾ ആലപിച്ചാണ് യേശുദാസ് സിനിമാ ലോകത്തേയ്‌ക്ക് അരങ്ങേറ്റം കുറിയ്‌ക്കുന്നത്. തൊട്ടു പിറ്റേവർഷം കുഞ്ചാക്കോയുടെ സംവിധാനത്തിലെത്തിയ ‘ഭാര്യ’യിലെ ഗാനങ്ങളാണ് യേശുദാസിന് കരിയർ ബ്രേക്ക് നേടിക്കൊടുത്തത്.















