ലക്നൗ : പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി റേഷൻ നൽകുന്നത് തുടരാൻ യോഗിസർക്കാർ. ഡിസംബർ മുതൽ മാർച്ചുവരെ ആളുകൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ ഭാഗമായുള്ള സൗജന്യ റേഷൻ വിതരണ പദ്ധതിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനം. ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്.
ഉത്സവ സീസൺ പ്രധാന ഘടകമായി പരിഗണിച്ചാണ് റേഷൻ വിതരണം നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പദ്ധതി നീട്ടിയതിന് പുറമേ സൗജന്യമായി നൽകുന്ന റേഷൻ സാധനങ്ങളിൽ പാചക, എണ്ണയും ഉപ്പും ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 1 ലിറ്റർ എണ്ണയും, 1 കിലോ ഉപ്പുമാണ് നൽകുക. ഇതിന് പുറമേ പരിപ്പും നൽകും.
യോഗി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കഴിഞ്ഞ നാലര വർഷക്കാലമായി സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകി വരികയാണ്. കൊറോണക്കാലത്ത് റേഷൻ കടകൾ വഴി നൽകുന്ന സാധനങ്ങളുടെ അളവ് വർദ്ധിപ്പിച്ചും സൗജന്യകിറ്റുകൾ നൽകിയുമാണ് യോഗി സർക്കാർ ജനങ്ങൾക്കൊപ്പം നിലകൊണ്ടത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ 128 ലക്ഷം മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങളാണ് സൗജന്യമായി റേഷൻ കടകൾ വഴി വിതരണം ചെയ്തത്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായി കൊറോണ കാലത്ത് 10480841.952 മെട്രിക് ടൺ റേഷൻ ധാന്യങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ഇതിന് പുറമേ 2339556.740 മെട്രിക് ടൺ ധാന്യങ്ങൾ സംസ്ഥാന സർക്കാർ അധികമായി നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സർക്കാർ നൽകിവരുന്നുണ്ട്.
Comments