തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
തീവ്ര ന്യൂനമർദ്ദം ദക്ഷിണേന്ത്യയിൽ കരതൊടുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലും ആന്ധ്രയിലും മഴ കനക്കും. പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെ കേരളത്തിലും കൂടുതൽ മഴ കിട്ടുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലർട്ടുള്ള മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിർദേശം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരിക്ഷീണ കേന്ദ്രം അറിയിച്ചു.
Comments