ഡെറാഡൂൺ: നിക്കാഹ്‌നാമയ്‌ക്ക് രൂപം നൽകാൻ ഉത്തരാഖണ്ഡ്. ഏകീകൃത സിവിൽ കോഡ് (UCC) വ്യവസ്ഥകൾക്ക് അനുസൃതമായി തയ്യാറാക്കുന്ന പുതിയ ചട്ടപ്രകാരം, വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഖാസിയോ മൗലവിയോ ആയിരിക്കും നിക്കാഹ് നടത്തേണ്ടത്. നിർദേശത്തിൽ വഖഫ് ബോർഡ് അധികൃതരും യുസിസി പാനലും ബുധനാഴ്ച ചർച്ച നടത്തും.
നിക്കാഹ് നടത്തുന്ന ഖാസിമാർക്ക് പ്രത്യേക യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകാനാണ് നിർദേശം. വഖഫ് ബോർഡിന് കീഴിലുള്ള പള്ളികൾ, മദ്രസകൾ, മറ്റ് മതസ്ഥാപനങ്ങളുടെ മാനേജ്മെന്റ് കമ്മിറ്റികളായിരിക്കും രജിസ്ട്രേഷൻ നൽകുക. ഇതോടെ അംഗീകൃത വ്യക്തികൾക്ക് മാത്രമായി വിവാഹച്ചടങ്ങ് നടത്തുന്നത് പരിമിതപ്പെടുത്താനാണ് നീക്കം.
നിക്കാഹ് നടത്തുന്ന വ്യക്തിക്ക് ഉത്തരവാദിത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട പരാതികളും അനീതിയും തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹിതരാകുന്ന സാഹചര്യത്തിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം നടത്താമെന്നും ഷംസ് പറഞ്ഞു.
പതിവ് പോലെ പുതിയ നിർദേശത്തെ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) ശക്തമായി എതിർത്തു ഇത് വ്യക്തിനിയമങ്ങളിലേക്കുള്ള ഇടപെടലാണെന്നാണ് ബോർഡിന്റെ നിലപാട്. പുതിയ നിർദേശത്തിനെതിരെ സെപ്റ്റംബർ 17 മുതൽ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബോർഡ് പറയുന്നു.
UCC പ്രകാരം ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്നതിനാൽ, നിലവിലെ നിക്കാഹ്‌നാമയിലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വിവാഹങ്ങൾക്കുള്ള കോളങ്ങളും ഒഴിവാക്കും. ബുധനാഴ്ചത്തെ ചർച്ചയ്‌ക്ക് ശേഷം കരാർ അന്തിമമാക്കി സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.















