ലക്നൗ : കർഷകർക്ക് തലവേദനയായി മാറിയ പശുക്കടത്ത് സംഘത്തിലെ പ്രധാനിയെ ഏറ്റുമുട്ടലിലൂടെ കീഴടക്കി യുപി പോലീസ്. നിരവധി മോഷണ കേസുകളിൽ പ്രതിയായ അസ്കറിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
ബുലന്ദ്ഷഹറിലെ ജോളിഗഢ് ഗ്രാമത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവരെ പിടുകൂടാനായി ഒളിസങ്കേതത്തിൽ എത്തിയതായിരുന്നു പോലീസ്. എന്നാൽ പോലീസിന് നേരെ വെടിയുതിർത്ത് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതേ തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ അസ്കറിന് വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റ അസ്കർ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കുകൾ ഭേദമായാൽ ഇയാളെ ജയിലിലേക്ക് മാറ്റും.
കശാപ്പിനായി കർഷകരുടെ പശുക്കളെ അസ്കറും സംഘവും മോഷ്ടിക്കുക പതിവായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ പോലീസിനും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഗ്രാമത്തിലെ വനമേഖലയിൽ ഇവർ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അസ്കറിന്റെ പക്കൽ നിന്നും പോലീസ് കൈത്തോക്ക് പിടിച്ചെടുത്തു.
അസ്കറിനെതിരെ ഇതിന് മുൻപും നിരവധി കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2007 ലും, 2009 ലും ഇയാൾ ജയിൽവാസം അനുഭവിച്ചിരുന്നു.
Comments