പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അപരിചിതൽ അതിക്രമിച്ച് കയറി .സംഭവം ഇന്ന് പുലർച്ചെ. സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലേക്കാണ് അതിക്രമിച്ചു കയറിയത്. സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാലക്കാട് സഞ്ജിത്ത് വധക്കേസിന് പിന്നാലെ സന്ദീപിനെതിരെയും എസ്ഡിപിഐ വധഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. സന്ദീപ് വാര്യരുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
അതേ സമയം സഞ്ജിത്ത് വധക്കേസിൽ നാളിതുവരെയായിട്ടും പ്രതികളെ പിടികൂടാൻ കേരളാ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കൾ ഗവർണ്ണറെ കണ്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നേരിട്ടു കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഐഎസ് ഫ്രാക്ഷനാണെന്നാണ് സന്ദീപ് വാര്യർ പ്രതികരിച്ചത്.
Comments