പത്താൻകോട്ട്: പഞ്ചാബിൽ പത്താൻകോട്ട് സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചു. സൈനിക ക്യാമ്പിലെ ത്രിവേണി ഗേറ്റിന് സമീപമാണ് സംഭവം. സ്ഥലത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പൊട്ടിത്തറിച്ച ഗ്രനേഡിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പത്താൻകോട്ട് എസ്എസ്പി സുരേന്ദ്ര ലമ്പ പറഞ്ഞു.
ഈ വർഷം ജൂണിൽ ജമ്മുവിലെ വ്യോമസേന താവളത്തിലെ അതീവ സുരക്ഷാമേഖലയ്ക്ക് സമീപത്തായി രണ്ട് സ്ഫോടനങ്ങൾ നടന്നിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ഇവിടെ നടന്നിരുന്നത്. ഐഇഡികളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടകവസ്തുക്കൾ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം ഡ്രോണുകൾ തിരികെ പോവുകയായിരുന്നു.കഴിഞ്ഞ മാസവും പത്താൻകോട്ട് ജില്ലയിലെ ബാമിയാൽ മേഖലയ്ക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇതിന് നേരെ വെടിയുതിർത്തതോടെയാണ് ഡ്രോൺ തിരികെ പോയത്.
Comments