കൊച്ചി : ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം അതിദാരുണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംഭവത്തിൽ ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു സതീദേവിയുടെ പ്രതികരണം. നിയമവിദ്യാർത്ഥിനിയായ ഇടയപ്പുറം സ്വദേശിനി മൊഫിയ പർവീൻ ആണ് ആത്മഹത്യചെയ്തത്.
ഭർതൃവീട്ടുകാരുടെ പീഡനത്തെക്കുറിച്ച് വനിതാ കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയുടെ കോപ്പി സഹിതമാണ് മൊഫിയ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഇതിൽ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കൈകാര്യം ചെയ്യുന്ന പ്രശ്നം എന്ന നിലയ്ക്കാണ് മൊഫിയയുടെ പരാതിയെ വനിതാ കമ്മീഷൻ സമീപിച്ചതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിലും ഭർതൃവീട്ടിലും എന്താണ് സംഭവിച്ചതെന്ന് അറിയണം. പോലീസിന്റെ ഭാഗത്തു നിന്നും നീതിരഹിതമായ സമീപനമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യം അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
Comments