വാട്‌സാപ്പിൽ അബദ്ധ സന്ദേശങ്ങൾ അയക്കുക പതിവായതിനാൽ എല്ലാവരുടെയും പ്രിയപ്പെട്ട വാട്‌സാപ്പ് ഫീച്ചറാണ് ഡിലീറ്റ് ഫോർ എവരിവൺ. നിങ്ങൾ ഒരു വ്യക്തിക്ക് തെറ്റായി അയച്ച സന്ദേശം ഇല്ലാതാക്കാൻ സഹായിക്കുന്ന വാട്‌സാപ്പിലെ ഉപകാരപ്രദമായ ഒരു ടൂളാണിത്. ഇത് പ്രകാരം എഴുത്ത് സന്ദേശങ്ങൾ, വോയ്‌സ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങി നാം അയക്കുന്ന എല്ലാ സന്ദേശങ്ങളും സ്വീകർത്താവിന് കാണാൻ കഴിയാത്ത വിധം ഡിലീറ്റ് ചെയ്യാനാകും.
ഇതുണ്ടായതിനാൽ എത്രയോ തവണ ഉപയോക്താക്കൾ മാനം കാത്തിരിക്കുന്നു അല്ലേ.. നിലവിൽ എട്ട് മിനിട്ടും 16 സെക്കന്റുകളുമാണ് വാട്‌സാപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന സമയപരിധി. ഈ സമയം കഴിഞ്ഞാൽ പിന്നെ സ്വീകർത്താവ് കാണാത്ത വിധം ഡിലീറ്റാക്കാൻ സാധ്യമല്ല. അതായത് സമയപരിധി കഴിഞ്ഞാൽ പിന്നെയുള്ളത് ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷൻ മാത്രമാണ്. ഇതു ചെയ്താലും സന്ദേശം സ്വീകർത്താവിന് കാണാനാകും. അതിനാൽ സമയപരിധി അൽപം കൂട്ടുകയെന്നത് ഉപയോക്താക്കളുടെ ഏറെ നാളായുള്ള ആവശ്യമാണ്.
ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് വാട്‌സാപ്പ് എത്തുന്നത്. സമയപരിധി ഏഴ് ദിവസം വരെ നീട്ടാനാണ് വാട്‌സാപ്പിന്റെ ആലോചന. അതായത് ഒരാഴ്ചയോളം. ഇതിന് വേണ്ട പണിപ്പുരയിലാണ് വാട്‌സാപ്പ്. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും പിന്നീട് ഐഒഎസിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം. പുതിയ ഫീച്ചർ ഉടൻ നിലവിൽ വന്നേക്കാമെന്നും വാട്‌സാപ്പ് അറിയിക്കുന്നു.
Comments