തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീം പള്ളികളില്‍ പ്രചാരണം നടത്താനുള്ള ലീഗ് നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. മുസ്ലീം ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണ്, മത സംഘടന അല്ല. ഹൈദരലി തങ്ങള്‍ ഇടപെട്ട്, ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന പിന്‍വലിക്കണം.
പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താല്‍ നാളെ ബിജെപി ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്തും. ലീഗ് മത സംഘടന അല്ല, രാഷ്ട്രീയ പാര്‍ട്ടി ആണ്, ലീഗിന് കീഴില്‍ പള്ളികള്‍ ഇല്ലെന്നും ജലീല്‍ പറഞ്ഞു. പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കുമെന്ന പി.എം.എ സലാമിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജലീല്‍.
അതേസമയം സലാമിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുള്‍ വഹാബും പറഞ്ഞു. ആരാധനാലയങ്ങളെ രാഷ്ട്രീയകാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ തീരുമാനത്തില്‍ നിന്ന് ലീഗ് പിന്തിരിയണമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുളള നീക്കത്തിൽ പ്രതിഷേധിച്ചാണ് ലീഗിന്റെ നേതൃത്വത്തിൽ പളളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താൻ തീരുമാനിച്ചത്. വിവിധ മുസ്ലീം സംഘടനകളെ കൂട്ടുപിടിച്ചാണ് നീക്കം.
Comments