ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃയാക്കി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരും. പെട്രോളിന്റെ വാറ്റ് 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറയ്‌ക്കാൻ തീരുമാനിച്ചതോടെ ഡൽഹിയിൽ പെട്രോൾ വില എട്ട് രൂപ കുറയും. പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് എഎൻഐ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാറ്റ് കുറയ്‌ക്കാനുള്ള തീരുമാനമെടുത്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വാറ്റ് കുറച്ചത് പ്രാബല്യത്തിൽ വരുന്നതോടെ പെട്രോൾ വില കുറയും. ഡൽഹിയിൽ നിലവിലെ ലിറ്ററിന് 103 രൂപയിൽ നിന്ന് 95 രൂപയായി കുറയും. രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി സമ്മാനമായി കേന്ദസർക്കാർ കഴിഞ്ഞ മാസം ഡീസലിനും 10 രൂപയും പെട്രോളിന് 5 രൂപയും എക്‌സൈസ് തീരുവ കുറച്ചിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനത്തിന്റെ വാറ്റ് കുറച്ചത് ജനങ്ങൾക്ക് അനുഗ്രഹമായിരുന്നു. പിന്നീട് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും ഇതേ മാതൃക പിന്തുടർന്നിരുന്നു. എന്നാൽ വാറ്റിൽ കുറവ് വരുത്താൻ കേരളം തയ്യാറാക്കാതിരുന്നതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന നിലയിൽ ഇന്ധനം നിറയ്‌ക്കേണ്ട ഗതികേടിലാണ് ഇവിടത്തെ ജനങ്ങൾ. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും ഇന്ധനവിലയിൽ വലിയ കുറവ് വരുത്തിയത് കാരണം ജനങ്ങൾ ഡൽഹിയിലെ പമ്പുകളെ ഒഴിവാക്കാൻ തുടങ്ങിയത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടി ആയിരുന്നു. ഇതും വില കുറയ്‌ക്കാൻ കെജ്രിവാൾ സർക്കാരിനെ പ്രേരിപ്പിച്ചു.
പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തർപ്രദേശും ഹരിയാനയും കുറച്ചത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ,മിസ്സോറം സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ 3 രൂപ 20 പൈസയും ഡീസലിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. ഒഡീഷ സർക്കാരും മൂന്ന് രൂപ വീതം കുറച്ചു. എക്‌സൈസ് തീരുവ കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) ആനുപാതികമായി കുറയ്‌ക്കുകയോ അല്ലെങ്കിൽ മൂല്യവർധിത നികുതി (വാറ്റ്) കുറയ്‌ക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.















