തിരുവനന്തപുരം: ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി കേരളം. ഇതുവരെ 41,124 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര (1,41,149) മാത്രമാണ് കേരളത്തിന് മുകളിലുളള സംസ്ഥാനം. നേരത്തേ രണ്ടാമതായിരുന്ന കർണാടകയെ(38,220) കേരളം പിന്നിലാക്കി. നവംബർ 22 മുതൽ കണക്കിൽ ചേർക്കാത്ത 410 മരണങ്ങൾ മഹാരാഷ്ട്രയിലും കർണാടകയിൽ 45ഉം കൂട്ടിച്ചേർത്തു. എന്നാൽ കേരളത്തിൽ 2,949 മരണങ്ങളാണ് ഉൾപ്പെടുത്തിയത്.
കേരളത്തിൽ ഡിസംബർ 4ന് 263 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 52 എണ്ണം 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. ബാക്കിയുള്ള 211 മരണങ്ങൾ മുമ്പുളളത് കൂട്ടിച്ചേർത്തതാണ്. രോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മരണനിരക്കിൽ ഇനിയും മാറ്റങ്ങൾ വരാനിടയുണ്ട്. അതിനാൽ കൂടുതൽ കൊറോണ മരണങ്ങൾ വരും ദിവസങ്ങളിൽ ഉൾപ്പെടുത്താനിടയുണ്ട്.
സംസ്ഥാനത്ത് ശനിയാഴ്ച 4,557 പുതിയ കോവിഡ് കേസുകളും 5,108 നെഗറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കൊറോണ നിയന്ത്രണത്തിൽ കൊട്ടിയാഘോഷിച്ച ‘കേരള മോഡൽ’ പരാജയമാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കണക്കിൽ 50ശതമാനവും കേരളത്തിൽ നിന്നാണ്.
കേരളത്തിൽ ഇതുവരെ 51.6 ലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 45,293 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 10,805 സജീവ കേസുകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും, തമിഴ്നാടും പശ്ചിമ ബംഗാളുമാണ് തൊട്ടുപിന്നിൽ.















