തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഉച്ച മുതൽ രാത്രി വരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കാലാവസ്ഥ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ദുർബലമായി തീവ്ര ന്യൂനമർദ്ദമായി ഒഡീഷയിലെ പുരി തീരത്തിനടുത്ത് എത്തും. ഇത് ബംഗാൾ തീരത്തെത്തുമ്പോൾ ശക്തി കുറഞ്ഞ ശേഷം വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചില ജില്ലകളിൽ ഗ്രീൻ, യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്. ഇതിനാൽ മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments