മുംബൈ: ഡോക്ടർ ഹർഷൽ ഭോറിനും കൂട്ടർക്കും ബുധനാഴ്ചയെന്ന് പറഞ്ഞാൽ വെറുമൊരു ദിവസമല്ല. വാക്‌സിനേഷൻ ഡ്യൂട്ടിക്കായി അതിരാവിലെ എത്തണമെന്ന് മാത്രമല്ല ബുധനാഴ്ച ദിനത്തിന്റെ പ്രത്യേകത. മറിച്ച് അവരുടെ പെട്ടിയും ബാഗും വെള്ളവുമൊക്കെയായി 16 കിലോമീറ്റർ ദൂരം കുന്നും മലയുമൊക്കെ താണ്ടി വാക്‌സിനേഷൻ ക്യാമ്പിലെത്തണമെന്നതാണ് ബുധനാഴ്ച ദിനത്തെ അവർക്കിടിയിൽ വ്യത്യസ്തമാക്കുന്നത്. ഓരോ പൗരനേയും വാക്‌സിനേഷന്റെ ഭാഗമാക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു കൂട്ടം ഡോക്ടർമാരുടെ സംഘമാണിത്.
മഹാരാഷ്‌ട്രയിലെ താനെയിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഈ പറഞ്ഞ മലമ്പ്രദേശവും ഗ്രാമവും. മൂന്ന് മണിക്കൂർ യാത്രയാണ് ഇവിടേക്കുള്ളത്. അവിടെ ദാപൂർമൽ ഹാംലെറ്റ് എന്ന ഗ്രാമത്തിൽ വാക്‌സിനേഷന് അർഹരായ 138 പേരുണ്ട്. അവർക്ക് ഇരുഡോസുകളും പ്രാപ്തമാക്കുകയാണ് നമ്മുടെ ഡോക്ടേഴ്‌സ് സംഘത്തിന്റെ ലക്ഷ്യം.
ചെന്നെത്താൻ ഏറെ പ്രയാസമുള്ള ദാപൂർമൽ ഹാംലെറ്റിലേക്ക് എല്ലാ ബുധനാഴ്ചയും ഡോക്ടർമാരുടെ അഞ്ചംഗ സംഘമാണ് പോകുക. വിഹിഗാവ് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരാണിത്. താപനില ക്രമീകരിക്കുന്ന ബാഗുകളിൽ വാക്‌സിൻ ഡോസുകൾ സൂക്ഷിച്ച് ആവശ്യമായ മരുന്നുകളുമായി രാവിലെ എട്ട് മണിയോടെയാണ് ഇവർ ഗ്രാമത്തിലേക്ക് യാത്ര തിരിക്കുക. മൂന്ന് മണിക്കൂർ കാൽനടയാത്രയല്ലാതെ മറ്റ് വഴികളില്ല. അവിടെയെത്തി വാക്‌സിനെടുപ്പിച്ച് അവരുടെയെല്ലാം പേരുവിവരങ്ങൾ കുറിച്ചെടുക്കണം. തിരികെ എത്തി കൊവിൻ സൈറ്റിൽ അതെല്ലാം രജിസ്റ്റർ ചെയ്യണം. അവിടെയൊരു ആശാ വർക്കറുണ്ട്. അവരുടെ പൂർണ സഹകരണത്തോടെയാണ് ഇതെല്ലാം നടപ്പിലാക്കുന്നതെന്ന് കമ്യൂണിറ്റി ഹെൽത്ത് ഓഫീസറായ ഹർഷൽ ഭോർ പറയുന്നു.
അവിടെയെത്തിയാൽ ഓരോ ഗ്രാമവാസിക്കും വാക്‌സിനേഷൻ സംബന്ധിച്ച ബോധവത്കരണം നടത്തേണ്ട ഉത്തരവാദിത്വവും സംഘത്തിനുണ്ട്. പലരിലും നിലനിൽക്കുന്ന വാക്‌സിൻ വിമുഖത എടുത്തുമാറ്റുകയെന്നതും ശ്രമകരമായ ജോലിയാണ്. ആകെ 246 ഗ്രാമവാസികളാണ് അവിടെയുള്ളത്. ഇതിൽ 138 പേരും വാക്‌സിനേഷന് അർഹതപ്പെട്ടവരാണ്. ഗർഭിണികളും അമ്മമാരും എല്ലാം ഉൾപ്പടെയാണിത്. ഇവർക്കെല്ലാം ആദ്യ ഡോസ് നൽകി കഴിഞ്ഞുവെന്ന വലിയ വിജയമാണ് ഇപ്പോൾ ഡോക്ടർമാരുടെ സംഘം കൈവരിച്ചിരിക്കുന്നത്.
ദിവസേന ഒരു മണിക്കൂർ യാത്ര ചെയ്ത് വെള്ളം കിട്ടുന്ന ഇടത്തേക്ക് എത്തുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികൾ. അത്രയും പ്രയാസമേറിയ ജനജീവിതം നയിക്കുന്ന കൂട്ടർക്കിടിയിലേക്ക് എത്തിയ ഈ ഡോക്ടർമാരുടെ സംഘവും അവരുടെ അദ്ധ്വാനവും പ്രചോദനമാണ്. കേരളമുൾപ്പെടെ പലയിടത്തും വാക്‌സിനേഷൻ ക്യാമ്പിലേക്ക് ഇപ്പോഴും ആളുകൾക്ക് എത്തേണ്ടി വരുമ്പോൾ ജനങ്ങളുള്ള ഓരോ കാട്ടുമൂലയും തേടിപിടിച്ച് പോയി വാക്‌സിനെടുപ്പിക്കുന്ന ഈ ഡോക്ടർമാരുടെ സംഘമാണ് കയ്യടി അർഹിക്കുന്നത്.















