മുംബൈ: വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോട്ടിൽ തർക്കം നടത്താറുള്ളവരാണോ നിങ്ങൾ. മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെയോ അതിലെ യാത്രികരെയോ തെറിവിളിക്കുകയോ അസഭ്യം പറയുകയോ ചെയ്യാറുണ്ടോ.. എന്നാൽ മുംബൈ സ്വദേശിക്ക് കിട്ടിയ എട്ടിന്റെ പണി കേട്ടോളൂ..
വാഹനത്തിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അസഭ്യം പറയുകയും നടുവിരൽ ഉയർത്തി കാണിക്കുകയും ചെയ്ത 33കാരനായ അംഗീത് പട്ടേലിനാണ് പണി കിട്ടിയത്. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ അംഗീത് ആറ് മാസം തടവ് ശിക്ഷയനുഭവിക്കണമെന്ന് മുംബൈയിലെ ഗീർഗാവ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.
66കാരിയായ സ്ത്രീക്ക് നേരെയാണ് നടുറോട്ടിൽ അസഭ്യം പറഞ്ഞ് അംഗീത് നടുവിരൽ ഉയർത്തി കാണിച്ചത്. 2018 സെപ്റ്റംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. 66കാരിയും മകനും കാറിൽ യാത്രചെയ്യുകയായിരുന്നു. ഓഫീസിലേക്ക് പോകുന്ന വഴി മഹാലക്ഷ്മി റോഡിൽ കാഡ്ബറി ജങ്ഷന് സമീപമാണ് സംഭവമുണ്ടായത്. കാർ ഇവിടെയെത്തിയതോടെ ഇടതുവശത്ത് നിന്നും ഒരു ചുവന്ന കാർ വന്നു. 100 മീറ്ററോളം ദൂരം സ്ത്രീയുടെ കാർ യാത്രയ്‌ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് ചുവന്ന കാർ ഒപ്പം തുടർന്നു.
ഹൂഗ് റോഡിൽ എത്തിയപ്പോഴേക്കും ചുവന്ന കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ സിഗ്നലിൽ എത്തിയതിനാൽ അത് സാധിച്ചില്ല. ഇരു കാറുകളും റെഡ് സിഗ്നൽ മാറുന്നതിനായി ഹൂഗ് റോഡിൽ കാത്തുനിന്നു. അപ്പോഴാണ് ചുവന്ന കാറിലെ ഡ്രൈവറായിരുന്ന അംഗീത് പട്ടേൽ ഡോറിന്റെ വിൻഡോ താഴ്‌ത്തി 66കാരിക്ക് നേരെ നടുവിരൽ ഉയർത്തി കാണിച്ചത്. മര്യാദ കൈവിടരുതെന്ന് സ്ത്രീ പ്രതികരിച്ചു. എന്നാൽ ഇതുകേട്ട അംഗീത് സ്ത്രീയോട് അസഭ്യം പറയാൻ ആരംഭിച്ചു. ഇതോടെ മകൻ ഈ വിവരം ട്രാഫിക് പോലീസിനെ അറിയിച്ചു. നേരെ ഗംവാദി പോലീസ് സ്‌റ്റേഷനിലേക്ക് അംഗീതിനെ കൊണ്ടുപോകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഒരു സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള മൗലീക അവകാശമാണ് അവിടെ ആക്രമിക്കപ്പെട്ടത്. തന്റെ പ്രവൃത്തിയുടെ പ്രത്യാഘാതം എത്രത്തോളമാണെന്ന് തിരിച്ചറിയാൻ പ്രായമായ വ്യക്തിയാണ് അംഗീത്. അതിനാലാണ് കുറ്റകൃത്യം കൂടുതൽ ഗൗരവമാകുന്നതെന്നും കേസിൽ വിധി പറഞ്ഞ മജിസ്‌ട്രേറ്റ് നദീം എ. വ്യക്തമാക്കി. ഇത്തരം കേസുകളിൽ പ്രതിയോട് കാണിക്കുന്ന അനാവശ്യമായ സൗമ്യത സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.















