ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അല്ലുഅർജുനും മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പുഷ്പ.ഡിസംബർ 17 ന് ആണ് സിനിമ റീലിസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒടിടി ഡിജിറ്റൽ റൈറ്റ്സുകളിലൂടെ 25 കോടി ലഭിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ഒരു പാട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആളുകൾ.
ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത ഡാൻസ് നമ്പറുമായി എത്തിയിരുന്നു.സാമന്തയുടെ ആദ്യത്തെ ഡാൻസ് നമ്പർ കൂടിയാണിത്. എന്നാൽ ഈ ഗാനം പുരുഷൻമാരെ മോശക്കാരാക്കി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെൻസ് അസോസിയേഷൻ എന്ന സംഘടന.പാട്ടിന്റെ വരികളിൽ പുരുഷൻമാരെ കാമാസ്ക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിൻവലിക്കണമെന്നുമാണ് സംഘടനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇത് വരെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.
മലയാളത്തിൽ രമ്യ നമ്പീശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ആര്യ,ആര്യ 2 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലുവും സംവിധായകൻ സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബൻവാർ സിങ്് ഷേഖാവത്ത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്.















