മുംബൈ: ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന പരമ്പരയിലെ ഏകദിനങ്ങളിൽ നിന്നും കോഹ്‌ലി പിന്മാറി. ആദ്യം നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം കോഹ്‌ലി നാട്ടിലേക്ക് തിരിക്കും. ഇതോടെ രോഹിത് ശർമ്മയുടെ ടീമിനൊപ്പം വിരാട് ഉണ്ടാകില്ലെന്ന് ഉറപ്പായി. ജനുവരി മാസത്തിൽ ഒരു ഇടവേള വേണമെന്ന് വിരാട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഏകദിന പരമ്പരയിൽ ടീം ഇന്ത്യക്കൊപ്പം വിരാട് കോഹ് ലിയുണ്ടാകില്ല എന്നാണ് ഔദ്യോഗിക അറിയിപ്പ്.
പരമ്പരയ്‌ക്ക് തൊട്ടുമുൻപ് ഏകദിന നായകസ്ഥാനത്തുനിന്നും ബി.സി.സി.ഐ കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ നിശ്ചയിച്ചിരുന്നു. മുന്നേ ടി20 നായകസ്ഥാനത്തുനിന്നും കോഹ് ലി സ്വയം പിന്മാറിയതിന് പിന്നാലെയാണ് ഏവരേയും അത്ഭുതപ്പെടുത്തിയ തീരുമാനം ക്രിക്കറ്റ് ബോർഡ് എടുത്തത്.
രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഏകദിനങ്ങൾക്കിറങ്ങുന്നത്. തുടർന്ന് മൂന്ന് ടെസ്റ്റുകളും കളിക്കും. നിലവിൽ ടെസ്റ്റ് മത്സരങ്ങളുടെ നായകനാണ് വിരാട് കോഹ്‌ലി. ഇതിനിടെ രോഹിത് ശർമ്മയ്‌ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതോടെ ആദ്യ ടെസ്റ്റിനി റങ്ങില്ലെന്ന വാർത്തയും വരുന്നുണ്ട്.















