ഏഷ്യയിലെ അതിസമ്പന്നരായ അദാനിയെയും അംബാനിയെയും വാക്കുകൾ കൊണ്ട് ആക്രമിക്കാൻ മിടുക്കനാണ് കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി. കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ രാജ്യത്തിലെ സമ്പന്നരായ വ്യക്തികൾക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം അമ്പെയ്യുന്ന രാഹുലിന് രാജസ്ഥാൻ സർക്കാരിന്റെ പുതിയ നടപടി വലിയ തിരിച്ചടിയായിരിക്കുകയാണ്.
സോളാർ പാർക്ക് നിർമാണത്തിനായി രാജസ്ഥാനിലെ 1600 ഹെക്ടർ ഭൂമിയാണ് അദാനി ഗ്രൂപ്പിന് സർക്കാർ പാട്ടത്തിന് കൈമാറിയിരിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം കയ്യാളുമ്പോൾ തങ്ങളുടെ നേതാവ് പ്രഭാഷണങ്ങൾ തോറും അദാനിയെ കുറ്റം പറയുകയായിരുന്നുവെന്ന കാര്യം മനഃപൂർവം വിസ്മരിച്ചതാണോ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉയർത്തുന്ന ചോദ്യം.
രണ്ട്-മൂന്ന് കോർപ്പറേറ്റുകളുടെ കയ്യിലാണ് ഭാരതമെന്നും അവരാണ് ഇന്ത്യയെ നയിക്കുന്നതെന്നും ഒട്ടുമിക്ക പ്രസംഗങ്ങളിലും രാഹുൽ സൂചിപ്പിക്കാറുണ്ട്. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ കഴിഞ്ഞ ദിവസം റാലിക്കിടയിൽ പോലും രാഹുൽ അദാനിക്കെതിരെ പ്രസംഗിച്ചിരുന്നു. വിമാനത്താവളങ്ങൾ, കൽക്കരി ഖനികൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി എന്ത് നോക്കിയാലും അവിടെ രണ്ട് വ്യക്തികളെ മാത്രമേ കാണാനാകൂ.. അദാനി ജിയും അംബാനി ജിയുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. പ്രസംഗത്തിന്റെ അലയൊലികൾ അവസാനിക്കുന്നതിന് മുമ്പാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അദാനി ഗ്രൂപ്പിന് വേണ്ടി 1600 ഹെക്ടർ കൈമാറിയിരിക്കുന്നതെന്ന് സോഷ്യൽ മീഡിയകളിൽ ട്രോളുകൾ സൃഷ്ടിക്കുകയാണ്.
എന്നാലും അശോക് ഗെഹ്ലോട്ട്… രാഹുലിനോട് ഈ ചതി വേണ്ടായിരുന്നുവെന്നാണ് പലരുടെയും പ്രതികരണം. കോൺഗ്രസ് പ്രവർത്തകർ ദയവായി നിങ്ങളുടെ നേതാവിന്റെ വാക്കുകൾ കേൾക്കൂവെന്നുമുള്ള പ്രതികരണങ്ങളും കമന്റുകളിൽ നിറയുന്നുണ്ട്.
കഴിഞ്ഞ 15നാണ് സോളാർ പാർക്ക് നിർമാണത്തിനായി അദാനിക്ക് ഭൂമി കൈമാറാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചത്. സർക്കാരും അദാനിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. 1500 മെഗാവാട്ടിന്റെ സോളാർ പാർക്കാണ് നിർമിക്കപ്പെടുക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.















