തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം മുൻ ജില്ലാ ഓഫീസർ ജോസ് മോന്റെ വീട്ടിലും വിജിലൻസ് സംഘത്തിന്റെ റെയ്ഡ്. കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു മിന്നൽ പരിശോധന. കണക്കിൽപ്പെടാത്ത നിക്ഷേപത്തിന്റെ രേഖകളടക്കം പിടിച്ചെടുത്തതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ.എം.ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ജോസ് മോൻ.
കൈക്കൂലി കേസിൽ പിടിയിലായതിന് പിന്നാലെയായിരുന്നു എ.എം.ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റിൽ പരിശോധന നടന്നത്. റെയ്ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. സ്വത്തുക്കൾ സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തു. കിച്ചൺ കാബിനിലും കുക്കറിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇയാൾക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നോട്ടെണ്ണൽ യന്ത്രവുമായാണ് വിജിലൻസ് സംഘം ഹാരിസിന്റെ വീട്ടിലേക്ക് റെയ്ഡിനായി തിരിച്ചത്. ബാങ്ക് മാനേജരുടെയടക്കം സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം ടയർ വ്യവസായിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എ.എം ഹാരിസിനെ പിടികൂടിയത്. പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി. പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന് മുൻപും കൈക്കൂലി കേസിൽ പിടിയിലായ ആളാണ് ഹാരിസ്.















