തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ആവശ്യപ്പെട്ടുള്ള കായികതാരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. റോഡില്‍ മുട്ടിലിഴഞ്ഞാണ് താരങ്ങള്‍ ഇന്ന് പ്രതിഷേധിക്കുന്നത്. സമരം തുടര്‍ച്ചയായ 17ാം ദിവസം പിന്നിട്ടിരിക്കുകയാണ്. സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായി സമരത്തില്‍ പങ്കെടുത്തവര്‍ കായികമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ ചര്‍ച്ചയ്ക്കായി എത്തിയെങ്കിലും, കൂടിക്കാഴ്ച നടന്നിരുന്നില്ല. രണ്ടര മണിക്കൂറോളം മന്ത്രിയുടെ ഓഫീസിന് മുന്നില്‍ കാത്ത് നിന്ന ശേഷമാണ് മന്ത്രിയുമായി ചര്‍ച്ച നടക്കില്ലെന്ന അറിയിപ്പ് കായികതാരങ്ങള്‍ക്ക് ലഭിച്ചത്. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കായികതാരങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഗേറ്റില്‍ നിന്നും മന്ത്രിയുടെ ഓഫീസിന് മുന്നിലേക്കും ഇവര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു.
ചര്‍ച്ച നടക്കാതെ പോയതോടെയാണ് അതിവൈകാരികമായ രീതിയിലുള്ള പ്രതികരണം കായികതാരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പൊരിവെയിലത്ത് നടുറോഡിലാണ് താരങ്ങള്‍ ഇഴഞ്ഞ് പ്രതിഷേധിക്കുന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി തങ്ങള്‍ക്ക് ലഭിക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ ജോലി പിടിച്ചുവാങ്ങാന്‍ വന്നവരല്ലെന്നും, തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയാണ് ആവശ്യപ്പെടുന്നതെന്നും കായികതാരങ്ങള്‍ പറയുന്നു. വരുന്ന തലമുറയ്ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ പറയുന്നു.
മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ഉറപ്പിച്ച ശേഷമാണ് ചര്‍ച്ചയ്ക്കായി പോയത്. വിളിച്ചില്ലെന്ന വാദം തെറ്റാണ്. പാസില്ലാതെയാണ് സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പോയത്. മന്ത്രി ചര്‍ച്ചയെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ അകത്തേക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. ഇപ്പോള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് പറയുന്നത് തെറ്റാണെന്നും ഇവര്‍ പറയുന്നു. നിയമന ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി.
Comments