ന്യൂഡല്‍ഹി: വിവാഹപ്രായം 21 ആക്കണമെന്ന ആവശ്യത്തോട് സമ്മിശ്രപ്രതികരണം വരുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് വിവാഹപ്രായവുമായുള്ള ബന്ധമാണ് മനശ്ശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. അപക്വമായ പ്രായത്തിലെ വിവാഹം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാനകാരണമായി വിലയിരുത്തുന്നത്. അതുകൊണ്ട് രാഷ്‌ട്രീയമായ നിലപാടുകളല്ല, മറിച്ച് മനശ്ശാസ്ത്രപരമായ വിലയിരുത്തലാണ് വിവാഹപ്രായം നിശ്ചയിക്കേണ്ടത്. ദേശീയക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍സിആര്‍ബി) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. 2020ല്‍ ആത്മഹത്യ ചെയ്ത 153052 പേരില്‍ 14.6 ശതമാനം പേര്‍ വീട്ടമ്മമാരാണ്.
മൊത്തം ആത്മഹത്യചെയ്ത സ്ത്രീകളുടെ പകുതിപേരും വീട്ടമ്മമാരാണ്. എന്‍സിആര്‍ബി തൊഴിലിനെ അടിസ്ഥാനമാക്കി നടത്തിയ ആത്മഹത്യാകണക്കില്‍ ഓരോവര്‍ഷവും ഇരുപതിനായിരത്തിലേറെ വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നതായാണ് വിവരം. 2009-ല്‍ ഇത് ഇരുപത്തി അയ്യായിരത്തിനു മുകളില്‍ കടന്നു. കുടുംബപ്രശ്‌നവുംവിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ആത്മഹത്യയ്‌ക്ക് കാരണമായി പലപ്പോഴും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വന്തം ജീവനെടുക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന കാരണമെന്താണെന്നാണ് മനശ്ശാസ്ത്ര വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നത്.
അനിയന്ത്രിതമായ ഗാര്‍ഹിക പീഡനമാണ് പ്രധാനകാരണമെന്നാണ് പ്രധാനകാരണം. അടുത്തകാലത്ത് നടന്ന ഒരു സര്‍ക്കാര്‍ സര്‍വ്വേയില്‍ പ്രതികരിച്ച മുപ്പതുശതമാനം സ്ത്രീകളും പങ്കാളിയില്‍ നിന്ന് പീഡനം നേരിടുന്നതായി പറഞ്ഞു. വൈവാഹിക പീഡനവും വീട്ടില്‍ ഭര്‍തൃവീട്ടിലെ ശ്വാസംമുട്ടുന്ന ഗൃഹാന്തരീക്ഷവും കാരണമാകുന്നുവെന്നും സര്‍വ്വേ പറയുന്നു.
എന്നാല്‍ വിവാഹപ്രായം പതിനെട്ട് തികയുമ്പോഴേക്കും പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നു. അവരുടെ മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ ഭാര്യയായും മരുമകളായും വെച്ചും വിളമ്പിയും വീടുശുചീകരിച്ചും തളച്ചിടപ്പെടുന്നു. വ്യക്തിപരമായ സ്വാതന്ത്ര്യവും സ്വകാര്യആവശ്യത്തിനുള്ള പണവും നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസം സ്വപ്‌നമായി അവശേഷിക്കുന്നു. ആരായിത്തീരണമെന്ന ആഗ്രഹങ്ങള്‍ കുഴിച്ചുമൂടപ്പെടുന്നു. ആത്മനിരാസത്തിന്റെയും നിരാശയുടെയും പടുകുഴിയില്‍ പതിച്ച് സ്വയം നഷ്ടപ്പെട്ടവളായി മാറുന്നു.
എന്നാല്‍ മുതിര്‍ന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് ഒറ്റപ്പെടലാണ്. മക്കളും പേരക്കുട്ടികളും അകന്ന് തടങ്കലില്‍ എന്നപോലെയാണ് അവരുടെ ജീവിതം. കൂട്ടിലെ കിളികളുടെ അവസ്ഥയില്‍ അവര്‍ നെസ്റ്റ് സിന്‍ഡ്രോം നേരിടുന്നു. വിഷാദം ആത്മഹത്യയിലേക്ക് നയിക്കുന്നു. എന്നാല്‍ ആത്മഹത്യതടയാന്‍ എളുപ്പവഴിയുണ്ടെന്നും മാനസികാരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈമിഷികമായി തോന്നലാണ് ആത്മഹത്യയിലേക്ക് വഴി മാറുന്നത്. പങ്കാളിയില്‍ നിന്ന് ശാരീരീകമോ, മാനസികമോ ആയ പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ആ നിമിഷം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു.
ആ ചിന്തയെ ഒരു നിമിഷത്തെക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ അത് എന്നന്നേക്കുമായി ഇല്ലാതാക്കാനാവുമെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. വീട്ടിലെ ജോലി ഭാരം പങ്കിടപ്പെടണം. പരസ്പരം താങ്ങാവുന്ന ജീവിതം ജീവിത വിജയത്തിന് അനിവാര്യമാണ്. വിട്ടുവീഴ്ചകള്‍ അനിവാര്യമാണ്. അത് വിഴ്ചകളാവരുത്. ആത്മഹത്യാസാഹചര്യങ്ങള്‍ കുറയ്‌ക്കാന്‍ നടപടികളുമായി രാജ്യം മുന്നോട്ടുപോകുകയാണ്.2030 ആകുമ്പോഴേക്കും ആഗോളതലത്തില്‍ ആത്മഹത്യാനിരക്ക് മൂന്നിലൊന്നായി കുറയ്‌ക്കാനുളള ലക്ഷ്യത്തിലാണ് യുഎന്‍. വിവാഹപ്രായം 21 ആക്കുന്നതും ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാവും.















