മുംബൈ: ഹാരിപോർട്ടർ എന്നാൽ ഒരു നൊസ്റ്റാൾജിയ കൂടിയാണ് മലയാളികൾക്ക്. ഇന്നത്തെ യുവത്വത്തിന്റെ കുട്ടിക്കാലം മനോഹരമാക്കിയ ഹാരിപോർട്ടർ കൃതികളും സിനിമകളും എന്നും ചർച്ചയാകാറുണ്ട്. എട്ട് സിനിമകൾ പുറത്തിറക്കിയാണ് ഹാരി-ഹെർമോണി-റോൺ എന്നിവർ പോർട്ടർ ചിത്രങ്ങൾക്ക് വിരാമമിട്ടത്. ത്രിമൂർത്തികളെന്ന് വിളിക്കപ്പെടാറുള്ള മൂവർക്കും സിനിമാ പ്രേമികൾ വേദനയോടെയാണ് വിട നൽകിയത്.
ഇപ്പോൾ ഇതിഹാസ ചിത്രത്തിന്റെ ഇരുപത് വർഷങ്ങൾ ആഘോഷമാക്കാൻ അവർ വീണ്ടുമെത്തുന്നുവെന്ന കാര്യം വാർത്തകളിൽ ഇടം പിടിക്കുകയാണ്.
ഹാരി പോർട്ടർ ടീമിന്റെ റീയൂണിയൻ ആമസോൺ പ്രൈം വീഡിയോയിലൂടെ ജനുവരി ഒന്നിന് പ്രേക്ഷകർക്ക് മുമ്പിലെത്തും. ടീമിലെ ത്രിമൂർത്തികളോടൊപ്പം മുഴുവൻ കഥാപാത്രങ്ങളും സിനിമ നിർമാതാക്കളും റീയൂണിയനിൽ പങ്കെടുക്കും. 20-ാം ആനിവേഴ്സറി: റിട്ടേൺ ടു ഹോഗ്വാട്സ് എന്ന് പേരിട്ടിരിക്കുന്ന റീയൂണിയൻ എപ്പിസോഡ് വാർണർ ബ്രദേഴ്സാണ് പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നത്. എപ്പിസോഡിന്റെ ട്രയിലർ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.
ടൈറ്റിൽ കഥാപാത്രമായ ഹാരി പോർട്ടറായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത് ഡാനിയൽ റെഡ്ക്ലിഫ് ആയിരുന്നു. ഹെർമോണിയായി എമ്മ വാട്സണും റൊണാൾഡ് വീസ്ലിയുടെ കഥാപാത്രം റൂപേർട്ട് ഗ്രിന്റുമാണ് മനോഹരമാക്കിയത്. ഹാരി പോർട്ടർ-ഡെത്ത്ലി ഹാലോസ് പാർട്ട് 2 ആയിരുന്നു സീരീസിലെ അവസാന ചിത്രം. 2011ലാണ് ഇത് പുറത്തിറങ്ങിയത്. ആദ്യ ചിത്രം ഫിലോസഫേഴ്സ് സ്റ്റോണിന്റെ റിലീസ് 2001ലായിരുന്നു. 2022 ജനുവരിയിൽ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിടുന്ന വേളയിലാണ് റീയൂണിയൻ.















