നടനും സംവിധായകനുമായ മേജർരവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മേജർ രവി തന്നെയാണ് വിവരം സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് അറിയിച്ച അദ്ദേഹം തന്റെ അഭ്യുദയകാംക്ഷികൾക്ക് നന്ദി അറിയിക്കുന്നതായും ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരോടും സ്‌നേഹമെന്നും ശസ്ത്രക്രിയയ്‌ക്ക് ശേഷം ഐസിയുവിൽ നിന്ന് മാറിയതായും അദ്ദേഹം അറിയിച്ചു. വിവരമറിഞ്ഞ് സിനിമയ്‌ക്ക് അകത്തും പുറത്തുമുള്ള ആളുകൾ മേജർ രവിക്ക് സുഖപ്രാപ്തി നേർന്നു.
സൈനിക സേവനത്തിന് ശേഷം 90കളിലാണ് മേജർ രവി സിനിമയിലേക്ക് എത്തുന്നത്. പുനർജനി എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. 2006ൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ ചിത്രം കീർത്തിചക്ര മികച്ച വിജയം നേടി. പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.















