കൊച്ചി: പാറ്റാ പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഫ്രെഡി വി. ഫ്രാൻസിസ്. സംഘടനയുമായി ഇനി ഔദ്യോഗിക ബന്ധമുണ്ടാകില്ലെന്നും വരാനിരിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകില്ലെന്നും ഇയാൾ വ്യക്തമാക്കി. ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സംഘടനയുടെ ഫണ്ട് സമാഹരണ രീതികൾ, പക്വതയില്ലാത്ത ചില രാഷ്‌ട്രീയ പ്രസ്താവനകൾ, കേരളത്തിന്റെ മതനിരപേക്ഷ–സോഷ്യലിസ്റ്റ് സാമൂഹിക അടിത്തറയെ ദുർബലപ്പെടുത്താൻ സാധ്യതയുള്ള തീരുമാനങ്ങൾ എന്നിവയോടുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന് കാരണമെന്നാണ് ഫ്രെഡിയുടെ വിശദീകരണം. പാറ്റകളുടെ നിലപാടുകൾക്കും തീരുമാനങ്ങൾക്കും ഇനി ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്നും ഫ്രഡി ഫ്രാൻസിസ് വ്യക്തമാക്കി. പാറ്റ പാർട്ടിയുടെ കേരളത്തിലെ ആദ്യകാല പ്രവർത്തനങ്ങളിൽ പങ്കുവഹിച്ചവരിലൊരാളാണ് ഫ്രെഡി വി. ഫ്രാൻസിസ്.















