മുംബൈ: ഐ.പി.എല്ലിൽ മികച്ച മുന്നേറ്റം നടത്താനാകാത്ത ക്ഷീണം തീർക്കാനൊരുങ്ങി സൺറൈസേഴ്‌സ് ഹൈദ്രാബാദ്. വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയും ദക്ഷിണാഫ്രിക്കൻ ലോകോത്തര പേസ് ബൗളർ ഡെയിൽ സ്റ്റെയിനുമാണ് ഇനി ടീമിനെ പരിശീലിപ്പിക്കുക. ഇവരടക്കം പരിശീലക സംഘത്തിലേക്ക് നാലുപേരെയാണ് ഹൈദ്രാബാദ് പുതുതായി എടുത്തത്.
സൺറൈസേഴ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി ബ്രയാൻ ലാറയും പേസ് ബൗളിംഗ് പരിശീലകനായി ഡെയിൽ സ്റ്റെയിനും അടുത്ത സീസണിൽ ടീമിലുണ്ടാകും. 2016ൽ കിരീടം ചൂടിയ ടീമിന് പിന്നീടിങ്ങോട്ട് മികച്ച പ്രകടനം നടത്താനായിട്ടില്ല. ഡേവിഡ് വാർണറെ ആദ്യം ക്യാപ്റ്റനാക്കിയും പിന്നീട് നീക്കിയും സൈഡ് ബെഞ്ചിലിരുത്തിയും നടത്തിയ പരീക്ഷ ണങ്ങൾ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. മുഖ്യപരിശീലകൻ മുൻ ഓസീസ് താരം ടോം മൂഡിയാണ്.
ഹൈദ്രാബാദ് നിരയിൽ പരിശീലകരായി മുൻ ഇന്ത്യൻ താരം ഹേമൻ ബദാനി ഫീൽഡിംഗ് കോച്ചായും മുൻ ഓസീസ് താരം സൈമൺ കാറ്റിച്ച് സഹപരിശീലകനായും പ്രവർത്തിക്കും. മുത്തയ്യ മുരളീധരൻ സ്പിൻ ബൗളിംഗ് കോച്ചായി ടീമിനൊപ്പമുണ്ട്.















