കൊച്ചി: മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ പുതിയ പ്രൊമോഷണൽ വീഡിയോ പുറത്ത്. കഴിഞ്ഞ തവണ മുരളിയുടെ സൂപ്പർഹീറോ ശക്തികൾ പരീക്ഷിക്കാൻ എത്തിയത് പ്രശസ്ത റെസ്ലർ ദി ഗ്രേറ്റ് ഖാലിയായിരുന്നുവെങ്കിൽ ഇത്തവണ എത്തുന്നത് ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിംഗാണ്. സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫും, നായകൻ ടൊവിനോ തോമസും പ്രൊമോഷണൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മിന്നൽ മുരളിയുടെ വേഗത പരിശോധിക്കാനായി ആറ് ബോളിൽ നിന്ന് ആറ് സിക്സ് അടിക്കാനാണ് യുവി ആവശ്യപ്പെടുന്നത്. മിന്നൽ മുരളി അടിക്കുന്ന ഓരോ സിക്സും കൊൽക്കത്ത, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് വീഴുന്നത്. കൂടാതെ, യുവി ഒരു കത്തി എറിയുകയും മുരളി അത് പിടിക്കുകയും ചെയ്യുന്നു. ഇതിനുശേഷം പെട്ടെന്നു തന്നെ യുവി കുറച്ച് ഫലങ്ങൾ എറിയുന്നു. മുരളി അത് നിഷ്പ്രയാസം ജ്യൂസാക്കുന്നതും വീഡിയോയിൽ കാണാം.
മുൻപ് നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ട വീഡിയോകളുടെ തുടർച്ചയാണ് പുതിയ വീഡിയോ. ആദ്യ വീഡിയോയിൽ സൂപ്പർഹീറോ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുന്നതാണ് കാണിക്കുന്നത്. പരീക്ഷണത്തിനായി ദി ഗ്രേറ്റ് ഖാലിയുടെ പക്കൽ എത്തുന്നതാണ് രണ്ടാമത്തെ വീഡിയോ. ഇതിനുശേഷം വേഗത പരിശോധിക്കാനായി യുവരാജ് സിംഗിന്റെ അടുത്ത് എത്തുന്നതാണ് പുതിയ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്റെ കഴിവുകൾ കൊണ്ട് ഞെട്ടിക്കുന്ന മുരളിയോട് ഇനി വരാൻ പോകുന്ന പരീക്ഷണങ്ങളെ കുറിച്ചുള്ള സൂചനകൾ യുവി നൽകുന്നുണ്ട്. ആരാകും മുരളിയുടെ കഴിവുകൾ പരീക്ഷിക്കാൻ എത്തുന്ന അടുത്ത ആൾ എന്ന ആകാംക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിന്റെ കഥയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. നാളെ ഉച്ചയ്ക്ക് 1.30നാണ് ചിത്രം എത്തുന്നത്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.
Comments