കൊച്ചി: നെറ്റ്ഫ്ലിക്സിന്റെ ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി ടൊവിനോ നായകനായ ചിത്രം ‘മിന്നൽ മുരളി’. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 24നാണ് പുറത്തിറക്കിയത്. അന്ന് മുതൽ ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് മിന്നൽ മുരളി. സമീപകാലത്ത് ഒരു ഇന്ത്യൻ സിനിമക്കും ലഭിക്കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റിയാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിക്ക് നൽകിയത്. മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ടൊവിനോ ചിത്രത്തിന്.
സിരീസുകളായ എമിലി ഇൻ പാരീസ്, ദ് വിച്ചർ, ഡികപ്പിൾഡ്, ആരണ്യക്, എന്നിവയാണ് തുടർന്നുള്ള നാല് സ്ഥാനങ്ങളിൽ. ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ ഹോളിവുഡ് ചിത്രം ‘ഡോണ്ട് ലുക്ക് അപ്പ്’, മണി ഹെയ്സ്റ്റ്, സൂര്യവൻശി, സ്ക്വിഡ് ഗെയിം, സ്പൈഡർമാൻ ഫാർ ഫ്രം ഹോം എന്നിവയാണ് യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ. നെറ്റ്ഫ്ലിക്സാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിന്റെ കഥയാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. ബേസിൽ ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.
Comments