ന്യൂഡൽഹി: മാൻകൈൻഡ് ഫാർമ കൊറോണ ആന്റി വൈറൽ മരുന്നായ മോൽനുപിരാവിർ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് അറിയിച്ചു.
ഒരു ക്യാപ്സ്യൂളിന് 35 രൂപ നിരക്കിൽ പുറത്തിറക്കുമെന്ന് മാൻകൈൻഡ് ഫാർമ ചെയർമാൻ വ്യക്തമാക്കി.
ഇതനുസരിച്ച് മാൻകൈൻഡ് ഫാർമയുടെ മൊളൂലൈഫ് (Molulife)ഉപയോഗിച്ചുള്ള പൂർണ്ണ ചികിത്സയ്‌ക്ക് 1,400 രൂപയാകും ചെലവാകുക എന്നും മാൻകൈൻഡ് ഫാർമ ചെയർമാൻ ആർ സി ജുനേജ പറഞ്ഞു.
മോൽനുപിരാവിർ 800 മില്ലിഗ്രാം ഡോസ് രണ്ട് നേരം അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്. ഇതിനായി ഒരു രോഗിക്ക് 200 മില്ലിഗ്രാം വീതമുള്ള 40 ഗുളികകൾ കഴിക്കേണ്ടതുണ്ട്. ടോറന്റ്, സിപ്ല, സൺ ഫാർമ, ഡോ. റെഡ്ഡീസ്, നാറ്റ്കോ, മൈലൻ, ഹെറ്ററോ എന്നിവയുൾപ്പെടെ 13 ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ ഗുളിക നിർമ്മിക്കും.കൊറോണ രോഗബാധിതരായ ഉയർന്ന അപകടസാധ്യതയുള്ള മുതിർന്ന രോഗികളുടെ ചികിത്സയ്‌ക്കായാണ് ഈ മരുന്ന് അംഗീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ പരിമിതമായ ഉപയോഗത്തിനാണ് മരുന്ന് ലഭ്യമാക്കുക.
സിപ്ല, സൺ ഫാർമ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയും വരും ആഴ്ചകളിൽ മോൽനുപിരാവിർ ക്യാപ്സ്യൂളുകൾ പുറത്തിറക്കും.ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും മോൽനുപിരാവിർ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഭൂരിഭാഗം കമ്പനികളും മെർക്ക് ഷാർപ്പ് ഡോഹ്മിയുമായി (എംഎസ്ഡി) കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.















