ന്യൂഡൽഹി; പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ചയിൽ ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്നത്.
ഇതിനിടെ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി. ലോയേഴ്സ് വോയ്സ് എന്ന സംഘടന സമർപ്പിച്ച ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം സംഭവത്തിൽ പഞ്ചാബ് സർക്കാർ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദർശിച്ചത്. ഇതിനിടെ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.















