തിരുവനന്തപുരം: ഗുരുവായൂരപ്പനെ അവഹേളിക്കുന്ന ചോദ്യം ചാനൽ പരിപാടിയിൽ സംപ്രേഷണം ചെയ്തതിന് ഖേദം പ്രകടിപ്പിച്ച് ആർ. ശ്രീകണ്ഠൻനായർ. ഫ്‌ളവേഴ്സ് ചാനലിൽ ശ്രീകണ്ഠൻനായർ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയിൽ അവതരിപ്പിച്ച ചോദ്യത്തിനാണ് അവതാരകനും ചാനലും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കവി മുരുകൻ കാട്ടാക്കട പങ്കെടുത്ത ഒരു കോടി എന്ന പരിപാടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം. ശ്രീകണ്ഠൻ നായർ ചോദിച്ചത് ഇങ്ങനെ ആയിരുന്നു.. കവി ഭാവനയിൽ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്?? കൂടെ നാല് ഓപ്ഷൻസും നൽകി. ഇങ്ങനെയായിരുന്നു ഓപ്ഷൻസ്.. 1) ദുര്യോധനൻ 2) സീത 3) അർജുനൻ 4) ഗുരുവായൂരപ്പൻ 5) യുധിഷ്ഠിരൻ. എന്നാൽ പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ വിശ്വാസി സമൂഹത്തിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നു. വിശ്വാസി സമൂഹത്തെ അവഹേളിക്കാൻ മനഃപൂർവം അവതരിപ്പിച്ചതാണെന്നായിരുന്നു ആരോപണം.
ബോയിങ്-ബോയിങ് എന്ന സിനിമയിലെ ഹാസ്യരംഗത്തിലെ സംഭാഷണമാണ് ഉദ്ദേശിച്ചതെങ്കിലും വിമർശനം ഉയർന്നതോടെ ഖേദപ്രകടനവുമായി എത്തുകയായിരുന്നു അവതാരകനായ ശ്രീകണ്ഠൻ നായർ. ഇതോടെ കഴിഞ്ഞ ദിവസത്തെ ഒരു കോടി പരിപാടി ആരംഭിക്കും മുൻപ് ചാനൽ ഖേദം പ്രകടിപ്പിച്ചു. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നുവെന്നും എന്നാൽ, മനഃപൂർവം അത്തരമൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. ഇത്തരമൊരു ചോദ്യം വേദനാജനകമായെന്ന് മനസിലാക്കുന്നതിനാൽ താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.















