രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച വിവാദമായതോടെ വരുന്ന തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാകും പഞ്ചാബും. ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം പഞ്ചാബ് മാത്രമാണ്. കാർഷിക നിയമങ്ങളുടെ പേരിൽ നടന്ന പ്രക്ഷോഭങ്ങൾ തുടങ്ങി പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച വരെ എത്തി നിൽക്കുന്ന പഞ്ചാബിലെ രാഷ്‌ട്രീയ കോളിളക്കങ്ങൾക്ക് മാർച്ച് പത്തിന് പരിസമാപ്തിയാകും.
കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ കർഷകർക്ക് വേണ്ടിയെന്ന് ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് അരങ്ങേറിയിരുന്ന സമരങ്ങൾക്കും അറുതിയായി. ഇതോടെ ബിജെപിയുടെ പോക്കറ്റിലേക്ക് വീഴുന്ന വോട്ടുശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്നതിൽ സംശയമില്ല. പഞ്ചാബിലെ കോൺഗ്രസിൽ ഏറെ പ്രതിസന്ധി നേരിട്ട 2021 എന്ന വർഷം കടന്നുപോയതിന് പിന്നാലെയാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതെന്ന് ബിജെപിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ആകെ 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭസയിൽ 59 സീറ്റുകൾ നേടുന്നവർക്ക് ഭരണം നേടാം. 2017ൽ നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിൽ വന്നത്. നിലവിലെ കോൺഗ്രസ് സർക്കാരിന്റെ കാലാവധി മാർച്ച് 27 വരെയാണ്.
കോൺഗ്രസ് രാഷ്‌ട്രീയത്തിൽ അധികാരം വടംവലി നേരിട്ട കഴിഞ്ഞ വർഷം ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനും പാർട്ടി വിടാനും നിർബന്ധിതനായി. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ രാഷ്‌ട്രീയ പാർട്ടിയുമായെത്തിയ അമരീന്ദർ കോൺഗ്രസുമായുള്ള പിണക്കത്തിനൊടുവിൽ എൻഡിഎയിൽ സഖ്യം ചേർന്നു. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് കാത്തിരുന്ന നവജ്യോത് സിംഗ് സിദ്ദുവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരേണ്ടി വന്നപ്പോൾ ചരൺജീത് സിംഗ് ഛന്നിയാണ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്.
എന്നാൽ സുവർണ ക്ഷേത്രത്തിലും, കപൂർത്തലയിലെ ഗുരുദ്വാരയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ പുതിയ കോൺഗ്രസ് മുഖ്യമന്ത്രിക്ക് ഏറെ മങ്ങലേൽപ്പിച്ചു. ഒടുവിൽ രാജ്യമെമ്പാടും ചർച്ച ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ച കൂടിയായപ്പോൾ പഞ്ചാബ് കോൺഗ്രസും ഛന്നിയും കൂടുതൽ പ്രതിസന്ധിയിലായി.
ഇതിനിടെ റാലികൾക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുമായെത്തിയ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചും, സ്ത്രീകൾക്ക് പ്രതിമാസം സൗജന്യമായി പണം നൽകുമെന്ന ഒരിക്കലും പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നൽകിയും കടന്നുപോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ അപ്രതീക്ഷിതമായ മുന്നേറ്റം നടത്താമെന്ന പാഴ്കിനാവിലാണ് എഎപി.
കാർഷിക നിയമങ്ങൾ പിൻവലിച്ചതും അമരീന്ദറിന്റെ പാർട്ടി പ്രഖ്യാപനവും, ആൾക്കൂട്ടകൊലപാതകങ്ങളും പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയും, മാർച്ച് 10ന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തെരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നാണ് കണക്കുകൂട്ടൽ.
Comments