തൃശൂർ: ഒരു വർഷത്തിനിടെ ലഭിച്ച എല്ലാ ഓണറേറിയവും ചെലവഴിച്ചത് സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ക്ഷേമത്തിന്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജനപ്രതിനിധി ഭഗീഷ് പൂരാടൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ജനപ്രതിനിധിയായി ഒരു വർഷം പൂർത്തിയാക്കിയ ഭഗീഷ് തന്റെ പന്ത്രണ്ടാമത്തെ ഓണറേറിയം നൽകിയത് തൃപ്രയാറിലെ ആക്ട്സ് പ്രവർത്തകർക്കാണ്.
അത്യാഹിതം സംഭവിച്ചവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതാണ് ആക്ട്സിന്റെ സേവനം. കഴിഞ്ഞ കുറച്ച് നാളുകളായി ആക്ട്സിന്റെ പ്രവർത്തനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സഹായവുമായി ഭഗീഷ് എത്തിയത്. സമൂഹത്തിൽ സഹായത്തിന് അർഹതപ്പെട്ട ഓരോ വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി പണം എത്തിക്കുകയാണ് ഈ ജനപ്രതിനിധിയുടെ രീതി.
ഇതുവരെ ലഭിച്ച എല്ലാ ഓണറേറിയവും അവശത അനുഭവിക്കുന്നവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, സന്നദ്ധ സംഘടനകൾ, മാറാരോഗം ബാധിച്ചവർ, ഹൃദ്രോഗികൾ എന്നിവർക്കാണ് നൽകിയത്. സഹായമെത്തിക്കുന്നത് അർഹതപ്പെട്ട കൈകളിലെത്തണെമന്ന് ഈ പൊതുജനസേവകന് നിർബന്ധമുണ്ട്. തളിക്കുളം നമ്പിക്കടവ് സ്വദേശിയായ ഭഗീഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കുബോൾ തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് തന്റെ പ്രവർത്തന കാലയളവിലെ മുഴുവൻ ഓണറേറിയവും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ചെലഴിക്കുമെന്ന്. നാട്ടുകാർക്ക് നൽകിയ വാഗ്ദാനം അക്ഷരംപ്രതി നിറവേറ്റുകയാണ് ഈ ജനപ്രതിനിധി.
ഓണറേറിയം മാത്രമല്ല ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയിൽ കിട്ടുന്ന സിറ്റിങ് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും പൊതുജന സേവനത്തിനാണ് ചെലവഴിക്കുന്നത്. സ്വയംസേവകനായി പൊതുപ്രവർത്തനമാരംഭിച്ച ഭഗീഷ് ചെറുപ്പം മുതൽ തന്നെ സാമൂഹ്യ പ്രവർത്തനത്തിൽ ഇടപെട്ടിരുന്നു. പിന്നീട് ഉപജീവനത്തിനായി യുഎഇയിൽ എത്തിയപ്പോൾ അവിടെയും ജനസേവനവും പൊതുപ്രവർത്തനവും തുടർന്നു. ഗൾഫിൽ മരിച്ച നിരവധി മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് നേതൃത്വം നൽകി.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആണ് ഭഗീഷ് ആദ്യമായി മത്സരിച്ചത്. സിപിഎം കാലങ്ങളായി കൈവശം വച്ചിരുന്ന പട്ടലങ്ങാടി ബ്ലോക്ക് ഡിവിഷനിലായിരുന്നു മത്സരിച്ചത്. എന്നാൽ ജനങ്ങൾ എല്ലാ രാഷ്ട്രീയവ്യത്യാസവും മറന്ന് ഭഗീഷിനെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജനകീയത വ്യക്തമാക്കുന്നു.
2018ലെ മഹാമാരിയിൽ വലിയ ദുരന്തമുണ്ടായ സ്ഥലങ്ങളാണ് തൃശൂരിലെ കോൾ മേഖല. പ്രളയത്തിൽ കനത്ത നഷ്ടം സംഭവിച്ച പുളള് ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വഞ്ചിയിൽ പോയി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും ഭഗീഷ് മുന്നിലുണ്ടായിരുന്നു . ശബരിമല പ്രക്ഷോഭത്തിലും ഭഗീഷ് സജീവമായിരുന്നു. സന്നിധാനത്തും നിലയ്ക്കലിലും നടന്ന പ്രക്ഷോഭത്തിൽ രണ്ടാം പ്രതിയായി ജയിൽ വാസമനുഷ്ഠിച്ചിരുന്നു. ബിജെപി നാട്ടിക നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കൂടിയാണ് ഭഗീഷ് പൂരാടൻ.
Comments