കൊച്ചി: നടൻ ഉണ്ണി മുകുന്ദന് ആശംസകളുമായി സംവിധായകൻ വിനോദ് ഗുരുവായൂർ.ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാന്റെ റിലീസിന് ആശംസകളുമായാണ് വിനോദ് ഗുരുവായൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.നാളെ റിലീസ് ചെയ്യാനിരിക്കുന്ന മേപ്പടിയാന്റെ പോസ്റ്റർ പങ്കുവെച്ചതോടൊപ്പം വർഷങ്ങൾക്കുമുൻപ് സിനിമാ നടനെന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണി മുകുന്ദനെ ഓർത്തെടുക്കുകയാണ് സംവിധായകൻ.
ഫേസ്ബുക്ക് പോസ്റ്റ്
മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്…. ഉണ്ണിമുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല.. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു.
ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമ യിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു.
ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു…. നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്… നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും… അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ.. അവനാഗ്രഹിച്ച ജീവിതം അവൻ നേടും… ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്. സാധാരണക്കാരനായി വന്നു സിനിമ യിൽ ഇതുവരെ എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഉണ്ണിയുടെ ആത്മാർത്ഥത മാത്രമാണ്…
വിനോദ് ഗുരുവായൂർ.
Comments