ന്യൂഡൽഹി : ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകാൻ ഇന്ത്യ. രാജ്യത്ത് നിക്ഷേപ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്കൻ ധനമന്ത്രി ബസിൽ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെർച്വൽ ആയായിരുന്നു കൂടിക്കാഴ്ച.
ചർച്ചയുടെ വിവരങ്ങൾ വിദേശകാര്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ശ്രീലങ്കൻ ധനമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയെന്നും, ശ്രീലങ്കയുടെ ഏറ്റവും വിശ്വസ്തനായ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയ്ക്ക് ഇന്ത്യ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ മറ്റ് പങ്കാളികൾക്കൊപ്പം ചേർന്ന് ഇന്ത്യയും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകി. ഊർജ്ജ സുരക്ഷ ഉറപ്പുവരുത്തുന്ന ട്രിങ്കോമാലി ഓയിൽ ടാങ്ക് ഫാമിനെ സ്വാഗതം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്ക കസ്റ്റഡിയിൽ എടുത്ത ഇന്ത്യൻ മത്സത്തൊഴിലാളികളെ മാനുഷികപരിഗണന നൽകി വിട്ടയക്കണമെന്നും അദ്ദേഹം ശ്രീലങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments