തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്‌ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കി. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയതെന്നും ഇതോടെ 15-18 പ്രായപരിധിയിലുള്ള കുട്ടികളുടെ 51 ശതമാനവും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. 97,458 പേർക്ക് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് മുന്നിൽ.
ഒമിക്രോൺ സാഹചര്യത്തിൽ പരമാവധി കുട്ടികൾക്ക് വേഗത്തിൽ വാക്സിൻ നൽകാനായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചാണ് കുത്തിവെപ്പ് ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ട് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്.
തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂർ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂർ 73,803, വയനാട് 24,415, കാസർഗോഡ് 27,642 എന്നിങ്ങനെയാണ് വാക്സിനെടുത്ത കുട്ടികളുടെ കണക്ക്.
അതേസമയം സംസ്ഥാനത്ത് 1,67,813 പേർക്ക് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകി. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കൊറോണ മുന്നണി പോരാളികൾ, അറുപത് വയസ് കഴിഞ്ഞ 44,507 അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. 18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി.















