തൃശൂർ : തൃശൂരിൽ കോളേജ് വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം. ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അമലിനെയാണ് ആളുകൾ ചേർന്ന് മർദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ആക്രമണം നടന്നത്. സഹപാഠിയുമൊത്ത് അമൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഹപാഠി താഴെ വീണു. എന്നാൽ താഴെ വീണ കുട്ടിയെ സഹായിക്കാതെ ആളുകൾ അമലിനെ ആക്രമിക്കുകയായിരുന്നു. അമൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെൺകുട്ടിയുമായി ബൈക്കിൽ പോയതിനുമാണ് ഇവർ മർദ്ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നിരവധി പേർ ചേർന്ന് അമലിനെ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരാൾ കല്ല് ഉപയോഗിച്ച് അമലിന്റെ തലയ്‌ക്ക് അടിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ ഒല്ലൂർ പോലീസ് കേസെടുത്തു. കൂട്ടത്തിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അമലിനെ മർദ്ദിച്ചവരും പോലീസിൽ പരാതി നൽകി. അമൽ തങ്ങളെ മർദ്ദിച്ചുവെന്നാണ് ഇവർ പറയുന്നത്.
Comments