ലഖ്നൗ: യുപിയില്‍ തിഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ പ്രിയങ്ക നിരാശയിലാണ്. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ സങ്കടത്തിലാണ്. യുപി കോണ്‍ഗ്രസിലെ വനിതകളുടെ പോര്‍മുഖമായ പ്രിയങ്കമൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
പ്രിയങ്കവാദ്രയോട് സീറ്റിനു പോരടിക്കാനാവാതെയാണ് യുപിയിലെ ഈ താരവനിത കളംമാറാന്‍ ഒരുങ്ങുന്നത്. പ്രിയങ്കമൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറുമ്പോള്‍ ശക്തമായ ഒരുപ്രചാരണായുധമാണ് കോണ്‍ഗ്രസിന് നഷ്ടമാവുക.
”ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എനിക്കും പോരാടാനാകും” എന്നായിരുന്നു കോണ്‍ഗ്രസ് പ്രിയങ്കമൗര്യയെ മുന്‍നിര്‍ത്തി നടത്തിയ പ്രചാരണം. എന്നാല്‍ നേതൃത്വത്തോട് പോരാടാനാവാതെ പാര്‍ട്ടി വിടുമ്പോള്‍ ആരോപണം നീളുന്നത് പ്രിയങ്ക ഗാന്ധിയുടെ നേര്‍ക്കാണ്. സരോജിനി നഗര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക ഗാന്ധിയുടെ അസോസിയേറ്റ് സന്ദീപ് സിങ് കൈക്കൂലി ചോദിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പ്രിയങ്കമൗര്യ ഉന്നയിക്കുന്നത്.
യുപി മഹിളാ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് പ്രിയങ്കമൗര്യയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യമാണ് ”പെണ്‍കുട്ടിയാണ് പോരാടും” എന്നത്. ഈ മുദ്രാവാക്യം വായുവില്‍ അലയടിക്കുമ്പോള്‍ അത് കേവലം മുദ്രാവാക്യമായി അവശേഷിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പോരാടാനുള്ള അവസരമാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് നിഷേധിച്ചത്.
എന്റെ നിയമസഭാ മണ്ഡലത്തില്‍ ഞാന്‍ ശക്തമായി പ്രവര്‍ത്തിച്ചു. ക്യാംപയിനില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ എന്റെ പേരും മുഖവും എല്ലാം ഉപയോഗിച്ചു. മൗര്യ, കുശ്വാഹ, ശാക്യ, സൈനി തുടങ്ങിയ പിന്നാക്കവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ എന്നെ ഉപയോഗിച്ചു. പിന്നെ അരികുമാറ്റി. എനിക്ക് തിരഞ്ഞെടുപ്പില്‍ അവസരം തന്നില്ല. എന്നുമാത്രമല്ല എല്ലായിടത്തും എന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. പക്ഷെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഞാന്‍ രാഷ്ട്രീയ ചതുരംഗത്തിലെ കേവലം കരു മാത്രമായിരുന്നു.
സരോജിനി നഗറില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു, എന്നാല്‍ രുദ്ര ദമന്‍ സിങ്ങിനെയാണ് പരിഗണിച്ചത്. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസ് സ്ത്രീവിരുദ്ധപാര്ട്ടിയാണെന്ന് അവര്‍ ആരോപണമുന്നയിച്ചു. അതെ സമയം ബുധനാഴ്ച ബിജെപി ഓഫിസ് സന്ദര്‍ശിച്ചിരുന്നുവെങ്കിലും ബിജെപിയിലേക്കുള്ള വരവ് സംബന്ധിച്ച് ഇതുവരെ പാര്‍ട്ടി ഉറപ്പൊന്നും നല്‍കിയിട്ടില്ല.















