ന്യൂയോർക്ക്: വീടിനുള്ളിൽ മരിച്ച് കിടക്കുകയായിരുന്ന 49കാരന് ചുറ്റുമുണ്ടായിരുന്നത് 125 പാമ്പുകൾ. യുഎസിലെ മേരിലാൻഡിൽ സ്ഥിതിചെയ്യുന്ന ചാൾസ് കൗണ്ടിയിലാണ് സംഭവം. ഇവിടെ സ്വന്തം അപാർട്ട്മെന്റിൽ മരിച്ച നിലയിലാണ് 49കാരനായ ഡേവിഡ് റിസ്റ്റണിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും ഉഗ്ര വിഷമുള്ളതും ഇല്ലാത്തതുമായ 125 പാമ്പുകളെ പോലീസ് കണ്ടെത്തി.
ബുധനാഴ്ച രാത്രി അയൽവാസിയായ വ്യക്തിയാണ് പോലീസിനെ വിവരമറിയിച്ചത്. ഒരു ദിവസം മുഴുവനും ഡേവിഡിനെ പുറത്തേക്ക് കാണാതിരുന്നതോടെ സംശയം തോന്നുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെത്തി വീട് തുറന്നപ്പോൾ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.
മൂർഖൻ, ബ്ലാക്ക് മാംബ തുടങ്ങി 14 അടി നീളമുള്ള മഞ്ഞ മലമ്പാമ്പ് വരെ അവിടെയുണ്ടായിരുന്നു. എല്ലാം പെട്ടിക്കുള്ളിലാക്കിയ നിലയിലാണ് കിടന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ അവയിലേതെങ്കിലും കൂടിനുള്ളിൽ നിന്ന് പുറത്തുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. ഏതെങ്കിലും പാമ്പിന്റെ ദംശനമേറ്റാണോ ഡേവിഡ് മരിച്ചതെന്നും സംശയമുണ്ട്. ഡേവിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കണ്ടെത്തിയ എല്ലാ പാമ്പുകളെയും പോലീസ് പെട്ടികളിലാക്കി കൊണ്ടുപോയി. ആഫ്രിക്കയിലെ ഏറ്റവും വിഷമുള്ളതായി കണക്കാക്കുന്ന പാമ്പാണ് ബ്ലാക്ക് മാംബ. ഇത് കൈവശം വെയ്ക്കുന്നത് നിയമവിരുദ്ധമാണ്. നിരവധി മൂർഖനുകളും വിഷമുള്ള പാമ്പുകളുമെല്ലാം ഡേവിഡിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞതോടെ അയൽവാസികളും ഭീതിയിലാണ്.
Comments