കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ലോകത്താകമാനം പടർന്ന് കഴിഞ്ഞു. നിരവധി രാജ്യങ്ങളിൽ വൈറസ് വ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കാൻ ഒമിക്രോണിന് കഴിഞ്ഞിട്ടുണ്ട്. ഡെൽറ്റയേക്കാൾ വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ അപകടകാരിയാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴിതാ ഒമിക്രോണിന്റെ ഒരു ഉപവകഭേദം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് യുകെ പറയുന്നു.
ബിഎ.2 എന്ന ഒമിക്രോണിന്റെ ഉപവകഭേദം ഏകദേശം നാൽപതോളം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തുവെന്നാണ് വിവരം. സ്റ്റെൽത്ത് ഒമിക്രോൺ എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടിരിക്കുന്നത്. ഇവയുടെ സാന്നിധ്യം ആർടി-പിസിആർ പരിശോധനയിൽ പോലും കണ്ടെത്താൻ ഏറെ പ്രയാസമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രധാനമായും ഒമിക്രോണിന് മൂന്ന് ഉപവകഭേദങ്ങളാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. ബിഎ.1, ബിഎ.2, ബിഎ.3 എന്നിവയാണത്. ഇതിൽ ബിഎ.1 ആണ് ലോകത്ത് ഏറ്റവും കൂടുതൽ പടർന്നിരിക്കുന്നത്. അതേസമയം ഏറ്റവും വേഗത്തിൽ പടരുന്ന ഉപവകഭേദം ബിഎ.2 ആണ്.
ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഡെൻമാർക്കിൽ നിലവിലുള്ള സജീവ രോഗികളിൽ ഭൂരിഭാഗവും ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടവരാണ്. യുകെയും ഡെൻമാർക്കും കൂടാതെ സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലും ഇവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















