അബുദാബി: നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോട്ട് ഫിലിം സേതുവിന്റെ കണക്കു പുസ്തകം എന്ന മലയാള ഹ്രസ്വചിത്രം പ്രദർശനത്തിനെത്തി. യൂട്യൂബിൽ നീസ്ട്രീം പ്ലാറ്റ്ഫോം വഴി യാണ് ഷോട്ട് ഫിലിം പ്രേക്ഷകരിലെത്തിയത്. ചിത്രത്തിന്റെ പ്രിവ്യു ഷോ ഷാർജയിലെ ഓസ്ക്കാർ തിയേറ്ററിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു.
പൂനെ, മുബൈ, ഗോവ, രാമേശ്വരം, കലാകാരി എന്നീ പ്രസിദ്ധങ്ങളായ ചലച്ചിത്രമേളകളിൽ നോമിനേഷനും കീർത്തിപത്രങ്ങളും കരസ്ഥമാക്കിയിട്ടുള്ള ഷോർട്ട് ഫിലിം സേതുവിന്റെ കണക്കു പുസ്തകം സമകാലിക പ്രസക്തിയുള്ള, ജനശ്രദ്ധ നേടിയ വിഷയമാണ് ജനങ്ങളിലെത്തിക്കുന്നത്. സേതു എന്ന നിർദ്ധനനായ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന കഥ വളരെ ഹൃദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ പ്രിവ്യു ഷോ മാനദണ്ഡങ്ങൾ പാലിച്ച് ഷാർജയിലെ ഓസ്കാർ തിയേറ്ററിൽ രണ്ട് സ്ക്രീനുകളിലായി ഒരേ സമയം നടന്നു. കേരളത്തിൽ കോട്ടയ്ക്കലിലെ ലീന തിയേറ്ററിലും പ്രിവ്യൂഷോ നടന്നു. പ്രമേയത്തിൽ വ്യത്യസ്തത പുലർത്തിയ മികച്ച ഹ്രസ്വചിത്രമാണ് സേതുവിന്റെ കണക്കു പുസ്തകമെന്ന് റിവ്യു ഷോയിൽ പങ്കെടുത്ത പ്രമുഖർ അഭിപ്രായപ്പെട്ടു.
രശ്മി സന്തോഷ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിനു കോട്ടയ്ക്കലാണ്. മലയാള ചലച്ചിത്രരംഗത്തെ മറ്റ് പ്രമുഖരും ചിത്രത്തിൽ അണിയറപ്രവർത്തകരായെത്തുന്നു. 21 വർഷക്കാലമായി പ്രവാസിയായി ഇപ്പോൾ ഷാർജയിൽ താമസിക്കുന്ന സന്തോഷ് കൈലാസ് ആണ് ചിത്രത്തിലെ നായകൻ.
Comments