മെൽബൺ: സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്ത്രേല്യൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സ്പാനിഷ് ഇതിഹാസം തകർത്തത്. സ്കോർ(6-3,6-2,3-6,6-3). ആദ്യ രണ്ട് സെറ്റുകൾ നേടിയ നദാൽ മത്സരം അനായാസം വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്നാമത്തെ സെറ്റിൽ ബെറെറ്റിനി മികച്ച പേരാട്ടവീര്യം പുറത്തെടുത്തു.
മൂന്നാം സെറ്റ് 3-6ന് നദാൽ അടിയറവ് പറഞ്ഞു. എന്നാൽ നാലാം സെറ്റിൽ നദാൽ കളി തിരിച്ചുപിടിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്തു. ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ നദാൽ, ഡാനിൽ മെദ്വദേവും സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ ജേതാവിനെ നേരിടും.
ഓസ്ത്രേല്യൻ ഓപ്പൺ കരസ്ഥമാക്കിയാൽ നദാലിന്റെ 21ാമതെ ഗ്രാൻഡ്സ്ലാം കിരീടമാകും. ഇപ്പോൾ സെർബിയയുടെ നൊവാക് യോക്കോവിച്ചുമായി 20 ഗ്രാന്റ്സ്ലാമുകളുമായി ഒപ്പം നിൽക്കുകയാണ് നദാൽ. മെൽബണിൽ കിരീടം ഉയർത്താനായാൽ 36കാരന് തന്റെ എതിരാളിയെ മറികടന്ന് കൂടുതൽ ഗ്രാന്റ്സ്ലാം നേടുന്ന ടെന്നീസ് താരമാകാൻ കഴിയും. 2009ൽ മാത്രമാണ് നദാൽ ഓസ്ത്രേല്യൻ ഓപ്പണിൽ മുത്തമിട്ടത്.
Comments