നായ്പീതോ : മ്യാൻമറിൽ ആംഗ് സാൻ സൂ കിക്കെതിരായ പ്രതികാര നടപടി വർദ്ധിപ്പിച്ച് സൈന്യം. നിലവിൽ കൊറോണ നിയമലംഘനത്തിന് പ്രേരിപ്പിച്ചെന്ന പേരിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രിക്കെതിരെ 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നാണ് പുതിയ ആരോപണം. ആറു മാസത്തിനകം തെളിവുകൾ ശേഖരിച്ച് വിചാരണ പൂർത്തിയാകുമെന്നാണ് സൈന്യം അവകാശപ്പെടുന്നത്. കടുത്ത അന്താരാഷ്ട്ര സമ്മർദ്ദമുണ്ടായിട്ടും സൂ കിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നൽകുന്നത്.
2021 ഫെബ്രുവരി 1ന് ഭരണം പിടിച്ചെടുത്ത സൈന്യം സൂ കിയെ വീട്ടുതടങ്കലിലാക്കിയാണ് ആദ്യ നടപടിയിലേക്ക് കടന്നത്. തുടർന്ന് സൂ കിയുടെ അനുയായികളെയെല്ലാം തെരഞ്ഞു പിടിച്ച് ജയിലാക്കിയ സൈന്യം നിരവധി ഉന്നത ഉദ്യോഗസ്ഥരേയും വീട്ടുതടങ്കലിലാക്കി.
നൊബേൽ സമ്മാന ജേതാവായി ലോകശ്രദ്ധയിൽ ഇടംനേടിയ സൂ കി രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമങ്ങൾ പുറത്തുവിട്ടുവെന്നാണ് തുടക്കത്തിലെ ആരോപണം. തന്റെ ഔദ്യോ ഗിക സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നുമാണ് സൈന്യം ആരോപിക്കുന്ന മറ്റൊരു കുറ്റം. ജനകീയ പ്രക്ഷോഭം നടത്തിയ 1500 പേരെ വെടിവെച്ച് കൊന്ന സൈന്യം 3000 പേരെയാണ് തടവിലിട്ടുകൊണ്ടാണ് പ്രതികാര നടപടി തുടരുന്നത്.
Comments