ന്യൂഡൽഹി : 2022-23 വർഷത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ യോഗ്യരായ ജനങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. 80 ലക്ഷം വീടുകളാണ് ജനങ്ങൾക്ക് നിർമ്മിച്ച് നൽകുക. ഇതിനായി 48,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. എല്ലാവർക്കും വീട് വൈദ്യുതി, ജലം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.
2022 ജനുവരി 18 വരെയുള്ള കണക്കനുസരിച്ച് 2.17 കോടി വീടുകൾക്കാണ് പദ്ധതിയുടെ ഭാഗമായി നിർമ്മാണ അനുമതി നൽകിയിട്ടുള്ളത്. 1.69 കോടി വീടുകളുടെ നിർമാണം പൂർത്തിയായി. 2022 അവസാനത്തോടെ 2.63 കോടി വീടുകൾ നിർമ്മിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
2022-23 വർഷത്തിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. സാമ്പത്തിക സർവേ അനുസരിച്ച് 2016-17, 2021-22 സാമ്പത്തിക വർഷങ്ങളിലാണ് പി.എം.എ.വൈ പദ്ധതി നടത്തിപ്പ് മെച്ചപ്പെട്ട നിലയിൽ പുരോഗമിച്ചത്.
പിഎം ഗതിശക്തി, എല്ലാവരേയും ഉൾക്കൊള്ളിക്കുന്ന വികസനം, ആഭ്യന്തര ഉത്പാദനത്തിന്റെ വർദ്ധനവ്, നിക്ഷേപത്തിന് പ്രോത്സാഹനം എന്നീ നാല് മേഖലകളിലാണ് ഇത്തവണത്തെ ബജറ്റിലൂടെ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.















