ദമാസ്‌കസ്: സിറിയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിൽ അമേരിക്കയുടെ വൻ സൈനിക നടപടി. രണ്ട് മണിക്കൂർ നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിൽ നിരവധി പേർ വധിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ദൗത്യം വിജയകരമായിരുന്നുവെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പ്രസ്താവനയിറക്കിയെങ്കിലും മരണസംഖ്യയെ സംബന്ധിച്ച് അവ്യക്ത തുടരുകയാണ്.
സിറിയയിലെ വടക്കൻ മേഖലയിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ഹെലികോപ്ടറുകൾ ഉപയോഗിച്ച് അമേരിക്കൻ സൈന്യം ഭീകരർക്കായി തിരച്ചിൽ നടത്തിയത്. ശക്തമായ വെടിവെയ്പും സ്‌ഫോടനങ്ങളും നടന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കി അതിർത്തിയായ അത്മെയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായി നാട്ടുകാരെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും പറയുന്നു.
ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെയും ഐഎസിന്റെയും മുതിർന്ന നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു അമേരിക്കയുടെ നടപടിയെന്നാണ് സൂചന. സിറിയയിലെ വടക്ക്പടിഞ്ഞാറൻ പ്രദേശം ഭീകരസംഘടനകളുടെ സ്വാധീനമേഖലയാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കുന്നതിനായി 2019 ൽ നടത്തിയ ഓപ്പറേഷന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ സൈനിക നടപടിയാണ് ഇന്നലെ നടന്നതെന്ന് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പറയുന്നു. അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
Comments