ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. മൂന്നാം തരംഗം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നതും രാജ്യത്തിന് ആശ്വാസമായി. 1,99,054 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്. 96.19 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 11,08,938 പേരാണ് വൈറസ് ബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 7.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 895 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,02,874 ആയി. അതേസമയം, രാജ്യത്ത് കൊറോണ വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 169.63 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments